p-rajeev

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ദേശീയ അംഗീകാരത്തിന്റെ നിറവിലാണ് കേരളം. വ്യവസായ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മന്ത്രി പി. രാജീവ്,​ സംസ്ഥാനത്തിന്റെ പുതിയ ലക്ഷ്യങ്ങളെക്കുറിച്ച് 'കേരളകൗമുദി"യോട് സംസാരിക്കുന്നു

........................

അഞ്ചുവർഷംകൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ട നേട്ടത്തിലേക്ക് മൂന്നുവർഷവും അഞ്ചുമാസവും കഴിഞ്ഞപ്പോൾത്തന്നെ എത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പും, അതിന് ഊർജ്ജസ്വലമായി നേതൃത്വം നൽകുന്ന മന്ത്രി പി. രാജീവും. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ തിളക്കമാർന്ന നിലയിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് മന്ത്രി രാജീവിന്റെ പക്ഷം.

വ്യവസായ മേഖലയിൽ സർക്കാർ കൊണ്ടുവന്ന നയപരമായ മാറ്റങ്ങളാണ് ഇപ്പോഴത്തെ നേട്ടത്തിനു പിന്നിൽ. ഉദ്യോഗസ്ഥ സംവിധാനത്തിലും മാദ്ധ്യമ സമീപനത്തിന്റെ കാര്യത്തിലും വളരെ പോസിറ്റീവായ മാറ്റങ്ങൾ വന്നു. മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിതല ഉദ്യോഗസ്ഥരും നൽകിയ മേൽനോട്ടവും വ്യവസായ വകുപ്പ് സമയബന്ധിതമായി നടത്തിയ അവലോകനങ്ങളും ഗുണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി: മന്ത്രി പി. രാജീവ് സംസാരിക്കുന്നു.

? വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനത്തേക്ക് കേരളം തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയാണ്.

 കേന്ദ്ര വ്യവസായ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ ഏജൻസിയാണ് റാങ്കിംഗ് നടത്തിയത്. സംരംഭക സമൂഹത്തിനിടയിൽ അവർ നടത്തിയ ഫീഡ്ബാക്ക് സർവെയുടെ അടിസ്ഥാനത്തിലാണ് ഇതു നിശ്ചയിച്ചത്. കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ 28-ൽ നിന്ന് കേരളം 15-ാം സ്ഥാനത്തേക്ക് വലിയ മുന്നേറ്റം നടത്തിയിരുന്നു. ആ സ്ഥാനത്തു നിന്നാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് നേട്ടം കൈവരിച്ചത്. അതിനാൽ തുടർന്നും ഈ മികവ് നിലനിറുത്തുകയെന്നതാണ് പ്രധാന ചുമതല.

? ഏതു മേഖലകളിലാവും ഇനി കൂടുതൽ ശ്രദ്ധ നൽകുക.

 ഇരുപത്തിരണ്ടോളം പ്രയോറിറ്റി സെക്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. റോബോട്ടിക്സ്, മെഡിക്കൽ, ഫാർമസി, മാരിടൈം, ഗ്രഫീൻ, ഭക്ഷ്യസംസ്കരണം, എ.ഐ മേഖല തുടങ്ങിയവ ഇതിലുൾപ്പെടും. ഹൈടെക് ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയാണ് വലിയ ലക്ഷ്യം. ലോകത്തിന്റെ നാനാഭാഗത്തുള്ള വൻകിട സ്ഥാപനങ്ങൾ ഇവിടെ നിക്ഷേപത്തിന് തയ്യാറായി വരുന്നുണ്ട്. ഒരു റിവേഴ്സ് മൈഗ്രേഷൻ ആണ് ഇപ്പോഴുള്ളത്. നൈപുണ്യമുള്ള മാനവിക വിഭവശേഷിയും വേണ്ടുവോളമുണ്ട്. എന്നാൽ സ്ഥലത്തിന്റെ ലഭ്യതക്കുറവാണ് പ്രശ്നം. ഇതിനുള്ള പരിഹാരമാണ് ലാൻഡ് പൂളിംഗ്.

? ഹൈടെക് ഹബ്ബാക്കാനുള്ള തയ്യാറെടുപ്പുകൾ.

 സർക്കാർ തയ്യാറാക്കിയ വ്യവസായ നയത്തിന്റെ തുടർച്ചയായി വിവിധ പോളിസികൾ തയ്യാറാവുകയാണ്. കഴിഞ്ഞ മന്ത്രിസഭായോഗം ലോജിസ്റ്റിക് പാർക്ക് പോളിസി അംഗീകരിച്ചു കഴിഞ്ഞു. വിഴിഞ്ഞം തുറമുഖ വികസനം മുന്നിൽക്കണ്ടാണ് ഈ പോളിസി പ്രഖ്യാപിച്ചത്. പുതിയ കയറ്റുമതി നയം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. കേന്ദ്ര വ്യവസായ നയവുമായി ബന്ധപ്പെടുത്തി കയറ്റുമതി സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സംബന്ധമായും ഗ്ളോബൽ കേപ്പബിലിറ്റി സെന്ററുമായും ബന്ധപ്പെട്ടുള്ള ചട്ടക്കൂടുകൾ തയ്യാറാകേണ്ടതുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് 2025 ഫെബ്രുവരി 21, 22 തീയതികളിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്.

? കേരളം നേരിടുന്ന ഊർജ്ജ പ്രതിസന്ധി വ്യവസായ വികസനത്തെ ബാധിക്കുമോ.

 ഗ്രീൻ എനർജിക്കാണ് വ്യവസായ വകുപ്പ് പ്രാധാന്യം നൽകുന്നത്. കെ.എസ്.ഇ.ബി ചെയർമാനുമായി ഇതുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടത്തി. സംരംഭകർക്ക് ഏറ്റവും വേഗത്തിൽ വൈദ്യുതി ലഭ്യമാക്കുകയെന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. അടുത്തിടെ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച ഇക്കാര്യത്തിൽ ഗുണകരമാവും. കൽക്കരിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ്. കൽക്കരി സുലഭമായി കിട്ടുന്ന സംസ്ഥാനത്താവും ഇതിനുള്ള പ്ളാന്റ് സ്ഥാപിക്കുക. വൈദ്യുതി നമുക്കു ലഭിക്കും. പ്ളാന്റ് നടത്തിപ്പ് ചുമതലയും കേരളത്തിനാവും.