
തിരുവനന്തപുരം: ഓണപ്പൂക്കളമില്ലാതെ എന്തോണം... ഓണമിങ്ങെത്തിക്കഴിഞ്ഞു. പൂക്കളമൊരുക്കണമല്ലോ എന്നു കരുതി വിഷമിച്ചിരിക്കുന്നവരാണെങ്കിൽ അവർക്കാശ്വസിക്കാം. അധികം മെനക്കെടാതെ കൈയിൽ പൂക്കളമെത്തും. നല്ല റെഡിമെയ്ഡ് പൂക്കളം. കണ്ടാൽ വ്യാജനെന്ന് പറയില്ല. കളംവരയ്ക്കേണ്ട, പൂക്കൾ വിതറേണ്ട... വാങ്ങികൊണ്ട് വച്ചാൽ മതി. വാടുകയുമില്ല, ഉണങ്ങുകയുമില്ല. ശരാശരി വലിപ്പത്തിൽ വിവിധ ആകൃതിയിലും വർണങ്ങളിലുമുള്ള പൂക്കളങ്ങളിന്ന് വിപണിയിൽ ലഭ്യമാണ്. നൂലിൽ തീർത്ത ഈ റെഡിമെയ്ഡ് അത്തപ്പൂക്കളങ്ങൾ എത്തുന്നത് ബംഗളൂരുവിൽ നിന്നാണ്. 750 രൂപയാണ് ഒരു പൂക്കളത്തിന്റെ വില. ഇത്തരം പൂക്കളങ്ങൾ ഉപയോഗശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വരുംദിവസങ്ങളിൽ പല വലിപ്പത്തിലുള്ള റെഡിമെയ്ഡ് പൂക്കളം വിപണിയിൽ എത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
പ്ളാസ്റ്റിക്ക് പൂക്കൾക്ക് ആവശ്യക്കാരേറെ
പ്ളാസ്റ്റിക്ക് പൂക്കൾക്കും ആവശ്യക്കാർ ഏറുകയാണ്. വാടാത്തതും കൊഴിയാത്തതുമായ പ്ളാസ്റ്റിക് പൂക്കൾക്ക് വിലയും കുറവാണ്. 3 രൂപ മുതൽ 300 രൂപ വരെയാണ് പ്ളാസ്റ്റിക്ക് പൂക്കളുടെ വില. ഒർജിനലിനെ വെല്ലുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കൾ വിപണിയിലുണ്ട്. ഓഫീസുകൾ, റിസോർട്ടുകൾ, വിവിധ ക്ലബുകൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി പ്ളാസ്റ്റിക്ക് പൂക്കൾ പൂക്കളം ഇടാനായി വാങ്ങുന്നത്. ഓണസീസണിലെ പൂവിന്റെ വിലയും പെട്ടെന്ന് വാടി പോകുന്നതുമാണ് ആളുകൾ പ്ളാസ്റ്റിക്ക് പൂക്കളെ കൂടുതലായും ആശ്രയിക്കാൻ കാരണം. പ്ലാസ്റ്റിക്ക് കൂടാതെ റബ്ബറിലും സ്പോഞ്ചിലുമുള്ള വിവിധയിനം പൂക്കളും വിപണിയിൽ സുലഭമാണ്.
ഫോട്ടോ: ചാല മാർക്കറ്റിൽ വില്പനയ്ക്കായി വച്ചിരിക്കുന്ന റെഡിമെയ്ഡ് പൂക്കളം