കിളിമാനൂർ: പത്തു ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇനി പൂവിളികളുടെ നാളുകൾ. പൂക്കൾക്ക് വലിയ വിലയാണെങ്കിലും വില മറന്ന് ജനം പൂ വാങ്ങാനെത്തി തുടങ്ങിയതോടെ ചാലയിലെ പൂമാർക്കറ്റ് ഉൾപ്പെടെയുള്ളിടങ്ങളിൽ തിരക്കേറി. മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരുമായി നിരവധി പേരാണ് ഇവിടെയുള്ളത്. ചൊവ്വാഴ്ച മുതലേ തെങ്കാശി, തോവാളം, ശങ്കരൻ കോവിൽ എന്നിവിടങ്ങളിൽ നിന്നും ജില്ലയിലേക്ക് പൂക്കളെത്തിയിരുന്നു. ചെണ്ടുമല്ലി, തെറ്റി, ഡാലിയ, വാടാമല്ലി, മുല്ല, അരളി, പിച്ചി, താമര എന്നിവയാണ് പ്രധാനം. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ജമന്തികൾക്കാണ് ഡിമാൻഡ് കൂടുതൽ. എല്ലാ പൂക്കളും ചേർത്ത് 50 രൂപ മുതലുള്ള കിറ്റും വില്പനയ്ക്കുണ്ട്. തമിഴ്നാട്ടിൽ നിന്ന് വരുന്ന പൂക്കൾക്ക് വില താരതമ്യേന കുറവായതിനാൽ ആവശ്യക്കാരും ഏറെയാണ്. വരുംദിവസങ്ങളിൽ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

വില (കിലോ)

അരളി: 180

റോസ് : 300

മുല്ല : 700

പിച്ചി : 800

വെള്ള, മഞ്ഞ ജമന്തി -250

വാടാമല്ലി -120

 മുറ്റത്തും തൊടിയിലും കണ്ടിരുന്ന തുമ്പ, മുക്കുറ്റി, കോളാമ്പി, തെച്ചി തുടങ്ങിയ നാടൻ പൂക്കൾ കാണാനില്ല

നാടൻ പൂക്കളുമെത്തും

ഓണപ്പൂവിപണിയിൽ നാടൻ ബന്തിപ്പൂക്കളുമെത്തും. ജില്ലയിൽ തരിശുഭൂമികളിലും മാലിന്യക്കൂമ്പാരം നിറഞ്ഞ സ്ഥലങ്ങളിലും ബന്തിയും ജമന്തിയും വാടാമല്ലിയും പൂത്തുലയുന്ന സുന്ദരകാഴ്ചയാണ്. പലയിടങ്ങളിലും വിളവെടുപ്പുത്സവം ആരംഭിച്ചു. ‌തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഓണവിപണി ലക്ഷ്യമിട്ടാണ് പൂവനി എന്ന പേരിൽ വിവിധയിടങ്ങളിൽ പൂക്കൃഷി ചെയ്തത്. ഹോൾസെയിൽ മാർക്കറ്റുകളിലൂടെയും ഓണം സ്റ്റാളുകളിലൂടെയും പൂക്കൾ വിറ്റഴിക്കാനാണ് ശ്രമം.

അരളി തിരിച്ചെത്തി

വിഷാംശം കണ്ടെത്തിയതോടെ ക്ഷേത്രപൂജയിൽ നിന്ന് ഒഴിവാക്കിയ അരളി പൂക്കളമൊരുക്കാൻ തമിഴ്നാട്ടിൽ നിന്ന് വൻതോതിലെത്തി. അരളിപ്പൂവിന് നിരോധനമേർപ്പെടുത്താത്തതിനാലാണ് ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്ന് ലോഡ്കണക്കിന് എത്തിക്കുന്നത്. അധികാരികൾ നിശ്ശബ്ദത പാലിക്കുന്നതിനാൽ പത്ത് ദിവസം പൂക്കളമിടാൻ അരളിയുമുണ്ടാകും. റെഡിമെയ്ഡ് പൂക്കളുടെയും പൂക്കളങ്ങളുടെയുമൊക്കെ കാലമാണെങ്കിലും പൂവിറുക്കലും പൂക്കളമൊരുക്കലുമൊക്കെ ഇന്നും ഓണക്കാലത്തെ സമ്പന്നമാക്കുന്നവയാണ്.