port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി സാദ്ധ്യത മുന്നിൽ കണ്ടുള്ള കയറ്റുമതി നയത്തിന് രൂപം നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. തുറമുഖ അധിഷ്ഠിത വ്യവസായങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങൾക്ക് ഭൂമി ലഭ്യത ഉറപ്പുവരുത്താൻ ലാന്റ് പൂളിംഗ് നടപ്പാക്കും. വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് തിരികെ നൽകുകയാണ് ഇതുവഴി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ച് നീങ്ങിയാൽ ഒന്നും അസാദ്ധ്യമല്ലെന്നതിന്റെ തെളിവാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം. 2020ലെ 28–ാം സ്ഥാനത്തുനിന്നാണ് കേരളം ഒന്നാം റാങ്കിലേക്ക് എത്തിയത്. 2022ൽ ആദ്യ പത്ത് റാങ്കിൽ ഉൾപ്പെടുകയായിരുന്നു ലക്ഷ്യം . ഒന്നാം റാങ്കിലേക്ക് തന്നെ എത്താനായി. എല്ലാ വകുപ്പുകളും ചേർന്ന് നന്നായി മുന്നോട്ടുപോയതിന്റെ ഫലമാണിത്. ഈ നേട്ടം പ്രയോജനപ്പെടുത്തി പരമാവധി നിക്ഷേപം ആകർഷിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വേണം. മുൻനിര വാഹന നിർമ്മാതാക്കളായ ബെൻസ് കൊച്ചി കപ്പൽ നിർമ്മാണ ശാലയോട് ചേർന്ന് 1000 ഏക്കറാണ് ആവശ്യപ്പെട്ടത്. അത്രയും സ്ഥലം അവിടെ കൊടുക്കാനില്ലാത്തതിനാൽ അത് നടക്കാതെ പോയി.

വ്യവസായ വികസനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യത്തിനു പുറത്തും റോഡ് ഷോ അടക്കം സംഘടിപ്പിച്ചുവരികയാണ്.ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ നിക്ഷേപ സംഗമം സംഘടിപ്പിക്കും.
27 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. ക്യാമ്പസ് വ്യവസായ പാർക്കിനായി 80 സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി നായർ സ്വാഗതം പറഞ്ഞു.