തിരുവനന്തപുരം: ഓണക്കാലത്ത് ജില്ലയിൽ വ്യാജമദ്യത്തിന്റെ വില്പന,ഉത്പാദനം,വിതരണം,കടത്ത് എന്നിവ തടയാൻ എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേർന്നു.എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ.വിനീതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 20ന് രാത്രി 12 വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് .ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിച്ചു. നെയ്യാറ്റിൻകര, ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. ഓരോ യൂണിറ്റിലും ഒരു എക്‌സൈസ് ഇൻസ്‌പെക്ടർ/അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, ഒരു പ്രിവന്റിവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എന്നിവർ ഉൾപ്പെടും .

തീരദേശ മേഖലകളിൽ പൊലീസ്/ഫോറസ്റ്റ്/കോസ്റ്റ് ഗാർഡ്/മറൈൻ/ജി.എസ്ടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്തപരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സൈസ് കമ്മീണർ അജയ് .ആർ അറിയിച്ചു. എ.ഡി.എമ്മിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി.എൽ, വിവിധ സർക്കിളുകളിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാർ, പൊലീസ്, നാർക്കോട്ടിക്, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.