ezhakode

മലയിൻകീഴ്: വിഴിഞ്ഞം - കളിയും ചിരിയും എല്ലാം എന്നന്നേക്കുമായി മാഞ്ഞു.പൊന്നോമനയായ വാവക്കുട്ടിയുടെ വർത്തമാനങ്ങൾ ഇനി ഈ വീട്ടിൽ മുഴങ്ങില്ല.അച്ഛനും അമ്മയ്ക്കും ഉറ്റബന്ധുക്കൾക്കും വാവക്കുട്ടിയായിരുന്ന ഫ്രാൻസിസ്ക നിത്യ നിദ്ര‌യിലാണ്ടു.

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഈഴക്കോട് സെന്റ് ഫ്രാൻസിസ് യു.പി എൽ.പി സ്കൂൾ ഉടമ ഈഴക്കോട് ശാന്തിവനത്തിൽ സേവ്യറിന്റെയും ലേഖയുടെയും മകൾ ഫ്രാൻസിസ്‌കയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഈഴക്കോട് സെന്റ് പോൾ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. പ്രാർത്ഥനകൾക്കുശേഷം വീട്ടിൽ നിന്ന് വിലാപയാത്രയായിട്ടാണ് ചർച്ച് സെമിത്തേരിയിലെത്തിച്ചത്.

മരണവിവരമറിഞ്ഞതു മുതൽ അദ്ധ്യാപകരും സഹപാഠികളുമടക്കം നിരവധിപേർ ഫ്രാൻസിസ്‌കയെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലെത്തിയിരുന്നു. അവരിൽ പലരുടെയും വിങ്ങിപ്പൊട്ടൽ പലകുറി നിലവിളിയായി ഉയർന്നു.ഏകമകളുടെ അകാല മൃത്യുവിൽ വാക്കുകൾ നിലച്ച നിലയിലായിരുന്നു സേവ്യറും ലേഖയും. കഴിഞ്ഞ ദിവസം ടി.ടിസി അദ്ധ്യാപക പരിശീലനം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് അവസാനമായി ഫ്രാൻസിസ്ക അമ്മയെ വിളിച്ചത്. ' ഓട്ടോ കിട്ടി, പിന്നെ വിളിക്കാം എന്നായിരുന്നു അവസാന കാൾ.' ജീവിതത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷയും നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ കഴിയുമായിരുന്നില്ല.

മുൻ സ്പീക്കർ എൻ.ശക്തൻ,ഐ.ബി.സതീഷ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി മുരളി,കോൺഗ്രസ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ,ആർ.വി.രാജേഷ് തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മരണാനന്തര പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8ന് നടക്കും.

ക്യാപ്ഷൻ: ഫ്രാൻസിസ്‌കയുടെ മൃതദേഹത്തിനരികിൽ മാതാപിതാക്കളായ സേവ്യറും ലേഖയും