തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരാണ് എം.എൽ.എ ഹോസ്റ്റലിന് മുന്നിലുള്ള ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ചിൽ അണിനിരന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സി.ബി.ഐക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, യു.ഡി.എഫ് കൺവീനർ, എം.എം. ഹസ്സൻ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, മൻസൂർ അലിഖാൻ, കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു എന്നിവർ നേതൃത്വം നൽകി. എം.പിമാരായ ആന്റോ ആന്റണി, ജെബി മേത്തർ, നേതാക്കളായ വി.ടി. ബൽറാം, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ദീപ്തിമേരി വർഗീസ്, എൻ. ശക്തൻ, ടി. ശരത്ചന്ദ്ര പ്രസാദ്, കെ. മോഹൻകുമാർ, പീതാംബര കുറുപ്പ്, ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ പങ്കെടുത്തു.

സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ പൊതുസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു സ്വാഗതവും ഡി.സി.സി പ്രസിഡന്റ് പാലോട് രവി നന്ദിയും പറഞ്ഞു.