
പാറശാല: പാറശാലയിലെത്തി തിരികെ പോകണമെങ്കിൽ റോഡുവക്കിൽ മണിക്കൂറുകളോളം കാത്ത് നിൽക്കണം. കയറി നിൽക്കാനായി ഇടവുമില്ല. പാറശാലക്കാരുടെ ചിരകാല അഭിലാഷമാണ് മഴ നനയാതെയും വെയിലേൽക്കാതെയും ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ സ്വൈരമായി യാത്രചെയ്യുക എന്നത്. ഇതിനായി സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സർക്കാർ വക ഫണ്ടിൽ നിന്നും മൂന്ന് ഘട്ടങ്ങളായി 6 കോടി നൽകാമെന്നും വാഗ്ദാനം ചെയ്തു.
ദേശീയ പാതയ്ക്കരികിലായി പാറശാല ജംഗ്‌ഷനു സമീപം കാരാളിയിലെ പഞ്ചായത്തുവക 82 സെന്റിന് പുറമെ സ്വകാര്യ വ്യക്തികളിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ ഒന്നര ഏക്കർ ഉൾപ്പെടെ രണ്ടര ഏക്കറോളം വരുന്ന വസ്തുവിലാണ് ബസ് ടെർമിനൽ പദ്ധതി നടപ്പിലാകുന്നത്.
ബൃഹത് പദ്ധതി
ബസ് ടെർമിനൽ, പാറശാല പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടവും ഷോപ്പിംഗ് കോംപ്ലക്‌സും ഉൾപ്പെടുന്ന കെട്ടിടസമുച്ചയം, കെ.എസ്.ആർ.ടി.സിക്കു വേണ്ടി ബസ് ടെർമിനലിനോടോപ്പം സ്ഥാപിക്കുന്ന പെട്രോൾ പമ്പ് എന്നിവ ഉൾപ്പെടുന്ന ബൃഹത് പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നു ഒരു കോടി രൂപ അനുവദിച്ചിട്ട് ഒരു വർഷം പിന്നിട്ടു. എന്നാൽ പ്രദേശത്തെ തോടിന്റെ ഇരുവശങ്ങളിലുമായുള്ള ഭിത്തിയുടെ നിർമ്മാണം മാത്രമാണ് നടന്നത്.
വാഗ്ദാനം കടലാസിൽ
പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ ബസ് ടെർമിനൽ പൂർത്തിയാക്കിയാൽ മാത്രമേ രണ്ടാം ഘട്ടമായി നിർമ്മിക്കുന്ന പഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന ഷോപ്പിംഗ് കോംപ്ലെക്‌സിനായുള്ള തുക അനുവദിക്കുകയുള്ളൂ. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾത്തന്നെ ഒരു വർഷത്തിനുള്ളിൽ ബസ് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുമെന്നതായിരുന്നു വാഗ്ദാനം. എന്നാൽ പദ്ധതിയുടെ ആരംഭഘട്ടം വേഗത്തിലാക്കാത്തത് നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനുതന്നെ തടസങ്ങൾ സൃഷ്ടിക്കുമെന്നതാണ് നാട്ടുകാരുടെ വിലയിരുത്തൽ.
പഞ്ചായത്ത്, സർക്കാർ അധികൃതർ ബസ് ടെർമിനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മൗനത്തിലാണിപ്പോൾ.