ശംഖുംമുഖം : പൂന്തുറ പൊലീസ് സ്റ്റേഷന് മുൻവശം തെരുവു നായ്ക്കൾ വിഹരിക്കുന്നു. സ്റ്റേഷനിലെത്തുന്നവർ നായ്ക്കളെ പേടിച്ച് വേണം അകത്തേക്ക് കടക്കാൻ. സ്റ്റേഷന് മുമ്പിൽ തമ്പടിച്ച് കിടക്കുന്ന തെരുവു നായ്ക്കൾ റോഡിലൂടെ നടന്ന് പോകുന്നവർക്കും ഭീഷണിയാണ്. സ്റ്റേഷന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന പൂന്തുറ സെന്റ് ഫിലോമിനാസ് സ്‌കൂളിലെ നഴ്സറി വിദ്യാർത്ഥിനിയെ ക്ളാസ് മുറിയിൽ കയറി നായ ആക്രമിച്ചിട്ട് അധികനാളായിട്ടില്ല. ഇതിനെ തുടർന്ന് നഗരസഭ അധികൃതർ ഇടപെട്ട് കുറെ തെരുവു നായ്ക്കളെ ഇവിടെ നിന്നും പിടിച്ച് കൊണ്ടുപോയിരുന്നു. എന്നാൽ ഇപ്പോൾ തെരുവു നായ്ക്കളുടെ എണ്ണം വീണ്ടും വർദ്ധിച്ചിട്ടുണ്ട്. ഇറച്ചിക്കടകൾക്ക് മുന്നിൽ ഇറച്ചി മാലിന്യം കാത്തിരിക്കുന്ന തെരുവ് നായ്ക്കൾ പെട്ടെന്ന് റോഡിലേക്ക് എടുത്ത് ചാടുന്നത് മൂലം ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർ പലപ്പോഴും അപകടങ്ങളിൽപ്പെടുന്ന സംഭവവുമുണ്ട്. നഗരസഭ അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും നടപടികളെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വേളിയിലും സ്ഥിതി രൂക്ഷം
ടൂറിസ്റ്റ് കേന്ദ്രങ്ങളായ വേളി മുതൽ പൂന്തുറ വരെയും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മുമ്പ് വലിയതുറയ്ക്ക് സമീപം ഒരു സ്ത്രീ തെരുവുനായ ആക്രമണത്തിൽ മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്ന നിലക്കാണ് തീരദേശത്ത് തെരുവ്നായ്ക്കളുടെ വിളയാട്ടം. ജനങ്ങളെ ഉപദ്രവിക്കുന്നതിന് പുറമെ തെരുവുനായകൾ വീടുകളിൽ കയറി വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്ന അവസ്ഥയുണ്ട്.
മാലിന്യം തള്ളുന്നു
രാത്രി കാലത്ത് തീരദേശത്തെ ആളൊഴിഞ്ഞ മേഖലകളിൽ അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങളാണ് നായ്ക്കൾ പെരുകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ വന്ധ്യംകരണം കൃതമായി നടക്കുന്നുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നതെങ്കിലും നായ്ക്കളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്.