
തിരുവനന്തപുരം : എൻ.സി.പി മന്ത്രിമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 11ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമുണ്ടായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാണെങ്കിലും മന്ത്രി ശശീന്ദ്രൻ സ്ഥാനത്ത് നിന്നും മാറാൻ ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.
ഇന്നലെ വൈകിട്ട് തലസ്ഥാനത്തെത്തിയ തോമസ്.കെ.തോമസ് മുഖ്യമന്ത്രിയെക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കും. ശരദ് പവാർ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹം ഇന്ന് മുംബെയ്ക്ക് തിരിക്കില്ല. രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറണമെന്ന ധാരണ നടപ്പാക്കണമെന്ന കാര്യവും തനിക്കുള്ള അർഹതയും അദ്ദേഹം പവാറിനെ നേരിൽക്കണ്ട് ബോദ്ധ്യപ്പെടുത്തും. ഇടഞ്ഞ് നിൽക്കുന്ന ശശീന്ദ്രനെ പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെ അനുനയിപ്പിക്കാനുള്ള നീക്കമാണ് പാർട്ടി സംസ്ഥാന നേതൃത്വവും തോമസും നടത്തുന്നത്.
രണ്ടാം ഇടതുമുന്നണി സർക്കാരിൽ മന്ത്രിസ്ഥാനം അഞ്ച് വർഷക്കാലം പാർട്ടിക്ക് ലഭിച്ചത് രണ്ട് എം.എൽ.എമാരുള്ളതിനാലാണെന്നും അതുകൊണ്ട് തന്നെ രണ്ട് സർക്കാരിലുമായി മന്ത്രിസ്ഥാനത്തിരുന്ന ശശീന്ദ്രൻ മാറി തോമസിന് സ്ഥാനം നൽകണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ വാദം. എന്നാൽ തന്നെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയാൽ എം.എൽ.എ സ്ഥാനവും രാജി വയ്ക്കുമെന്ന നിലപാടിലാണ് അദ്ദേഹം. പാർട്ടി നിയോഗിച്ച നാലംഗ സമിതിയോടും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കായി താൻ മുഖ്യമന്ത്രിയെ കാണുമെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു. ഇതുസംബന്ധിച്ച് പാർട്ടി കേന്ദ്രനേതൃത്വത്തെ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാറ്റം സംബന്ധിച്ച് ഒട്ടേറെ വാർത്തകൾ പുറത്തു വരുന്നുണ്ട്. അത് തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന അദ്ദേഹത്തിന്റെ നിലപാടിൽ പാർട്ടിയിലും മുന്നണിയിലും അതൃപ്തിയുണ്ട്.