1

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാവുന്ന അങ്കമാലി - എരുമേലി റെയിൽപാത നിർമ്മാണത്തിന് സംസ്ഥാന വിഹിതമായ 1900.47കോടി നൽകാൻ കേന്ദ്രത്തെ സന്നദ്ധതയറിയിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റെയിൽവേക്ക് ചീഫ്സെക്രട്ടറി കത്തുനൽകി.

കിഫ്ബിയിൽ നിന്ന് തുക കണ്ടെത്താനാണ് നീക്കം. ഈ തുക പൊതുകടത്തിൽപ്പെടുത്തി കടമെടുപ്പ്പരിധി വെട്ടിക്കുറയ്ക്കരുതെന്ന ഉപാധിയും കേരളം വച്ചു. മുഖ്യമന്ത്രിയാണ് ഫയലിൽ ഈ വ്യവസ്ഥ എഴുതിയത്. സംസ്ഥാനം പകുതിച്ചെലവ് വഹിക്കാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലായത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ശബരിപാതയ്ക്ക് 3800.94 കോടിയാണ് വേണ്ടത്. 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. ഇക്കാര്യത്തിൽ ഉറപ്പുകിട്ടാതെ ഡി.പി.ആർ പരിഗണിക്കില്ലെന്നാണ് റെയിൽവേ നിലപാട്. ഉറപ്പു നൽകിയതിനാൽ,​ 2019ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് റെയിൽവേ പിൻവലിക്കും.

രണ്ട് കേന്ദ്രബഡ്‌ജറ്റുകളിലായി അനുവദിച്ച 200 കോടി പാഴായിരുന്നു. ഇത്തവണത്തെയും 100 കോടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രം പരിധി കുറച്ചതിനാൽ വായ്പയെടുക്കാൻ തടസമെന്ന് ചൂണ്ടിക്കാട്ടി പകുതിച്ചെലവ് വഹിക്കുന്നത് സംസ്ഥാനം വൈകിപ്പിക്കുകയായിരുന്നു.

അതേസമയം, ചെങ്ങന്നൂർ - പമ്പ 75 കിലോമീറ്റർ എലവേറ്റ‌ഡ് പാതയ്ക്കായും കേന്ദ്രം രംഗത്തുണ്ട്. 45 ദിവസത്തെ മണ്ഡലകാലത്തല്ലാതെ ഈ പാതയിൽ തിരക്കുണ്ടാവില്ല. ഭാവി വികസനത്തിനും സാദ്ധ്യതക്കുറവ്.

പണി തുടങ്ങിയ പാത

അങ്കമാലി -എരുമേലി 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും പാലവും നിർമ്മിച്ചു. 264 കോടി ചെലവിട്ടു. രാമപുരം വരെ ഭൂമിയേറ്റെടുക്കലിന് കല്ലിട്ടു

എറണാകുളം,ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് ഗുണം. റെയിൽവേ കണക്ടിവിറ്റിയില്ലാത്ത മലയോരമേഖലകളിൽ ട്രെയിനെത്തും

പുനലൂരുമായി ബന്ധിപ്പിച്ചാൽ ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാം. കേരളത്തിന്റെ മൂന്നാം റെയിൽ പാതയായി മാറും

വിഴിഞ്ഞത്തേക്ക് നീട്ടിയാൽ 271 കി.മീ റെയിൽപ്പാത പുതുതായി കിട്ടും. 26 പുതിയ സ്റ്റേഷനുകളുണ്ടാവും. റെയിൽവേ ഡിവിഷനുപോലും സാദ്ധ്യത

ഇനി വേണ്ടത്

 274 ഹെക്ടർ ഭൂമിയേറ്റെടുക്കണം

14 സ്റ്റേഷനുകൾ നിർമ്മിക്കണം

13 കിലോമീറ്റർ ടണലുണ്ടാക്കണം

 കോൺക്രീറ്റ് ട്രാക്ക് നിർമ്മിക്കണം