1

വിഴിഞ്ഞം: കിടാരക്കുഴിയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർ റിമാൻഡിൽ. അപകടശേഷം നിറുത്താതെ പോയ ഓട്ടോറിക്ഷയെയും ഡ്രൈവർ വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര വീട്ടിൽ ഷൈജുവിനെയും (30) രണ്ട് മണിക്കൂറിനുള്ളിൽ ഇയാളുടെ വീട്ടിൽ നിന്നാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തത്. അപകടത്തിനിടയാക്കിയശേഷം വാഹനം നിറുത്താതെ പോയത് ഗൗരവമേറിയ കുറ്റമാണെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു.ഇയാളുടെ ഓട്ടോറിക്ഷയ്ക്ക് ഇൻഷ്വറൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലെന്നും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിരുന്നുവെന്നും, ദിശ തെറ്റിച്ച് അമിതവേഗതയിൽ വന്നാണ് അപകടമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് 4.30ഓടെ നടന്ന അപകടത്തിൽ വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് സെന്റ് ഫ്രാൻസിസ് യു.പി.എസ് മാനേജർ എഫ്.സേവ്യറിന്റെയും ലേഖാറാക്‌സണിന്റെയും ഏക മകൾ എൽ.എക്സ്.ഫ്രാൻസിസ്‌ക(19)യാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപാഠികളായ പത്തനംതിട്ട സ്വദേശി കെ.പി.ദേവിക(19),കാസർകോഡ് സ്വദേശി രാഖി സുരേഷ്(19),ഓട്ടോ ഡ്രൈവർ വെങ്ങാനൂർ സ്വദേശി സുജിത്ത്(32) എന്നിവർക്ക് ഗുരുതരപരിക്കേറ്റു.

വിഴിഞ്ഞം എസ്.എച്ച്.ഒ,എസ്‌ഐമാരായ ബിനു,വിനോദ്,സി.പി.ഒമാരായ പി.വി.രാമു,സാബു എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് മോട്ടോർ വാഹനവകുപ്പിന് റിപ്പോർട്ട് നൽകും.മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പ്രധാന ജംഗ്ഷനുകളിൽ വാഹനപരിശോധന നടത്തും.മദ്യപിച്ച് വാഹനമോടിക്കുന്നതടക്കമുള്ള ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ്