
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഇത്തവണയും ബോണസ് 4000 രൂപ. ബോണസിന് അർഹത ഇല്ലാത്തവർക്ക് 2750 രൂപ ഉത്സവബത്ത. സർവീസ് പെൻഷൻകാർക്ക് 1000 രൂപ പ്രത്യേകബത്ത. ഒരു കുടിശിക ഗഡു ഉൾപ്പെടെ ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷനും (3200 രൂപ) നൽകും.
20,000 രൂപ ശമ്പള അഡ്വാൻസും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും അതേപടി നൽകുകയാണ്. സ്പെഷ്യൽ പാക്കേജ് അനുവദിച്ചില്ലെങ്കിലും 4200 കോടി കടമെടുക്കാൻ കേന്ദ്രാനുമതി കിട്ടിയതോടെയാണ് സർക്കാരിന് ഓണക്കാല പ്രതിസന്ധി മാറിയത്. ഡിസംബർ വരെയുള്ള വായ്പ എടുത്തു തീർത്തിരുന്നു.
ക്ഷേമ പെൻഷൻ ബുധൻ മുതൽ
62 ലക്ഷം ക്ഷേമപെൻഷൻകാർക്ക് 3200 രൂപവീതം നൽകാൻ 1700 കോടി
ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിച്ചവർക്ക് 1000 രൂപ ബത്ത
പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസ്
കരാർ,സ്‌കീം തൊഴിലാളികൾക്ക് മുൻ വർഷത്തെ നിരക്കിൽ ബത്ത
₹3000 ആശ്വാസകിരണം ഇന്നു മുതൽ
മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവർക്കും മാനസിക,ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുമുള്ള ആശ്വാസകിരണത്തിൽ 5 മാസ കുടിശികയായി 3000 രൂപ വീതം നൽകും. ആകെ 27 മാസത്തെകുടിശികയാണുള്ളത്. 1.14ലക്ഷം പേർക്ക് ലഭിക്കും. വിതരണം ഇന്നുമുതൽ
₹ 1000 വീതം ഹരിത സേനയ്ക്ക്
34,627 ഹരിതകർമ്മസേനാംഗങ്ങൾക്ക് 1000 രൂപ വീതം പ്രത്യേക ഉത്സവബത്ത അനുവദിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് തുക കണ്ടെത്തും