സ്ത്രീകൾക്കും കുടുംബമായി എത്തുന്നവർക്കും  നിരക്ക് മണിക്കൂറിന് ₹20

തിരുവനന്തപുരം: റെയിൽവേ സ്‌റ്റേഷനിലെ പോലെ തമ്പാനൂർ കെ.എസ്‌.ആർ.ടി.സി സെൻട്രൽ ബസ്‌ ഡിപ്പോയിലും ഇനി ശീതീകരിച്ച വിശ്രമമുറി ഉപയോഗിക്കാം.ദീർഘദൂരയാത്രക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതി മന്ത്രി കെ.ബി.ഗണേശ്കുമാർ ഇന്നലെ ഉദ്ഘാടനം ചെയ്തു.മന്ത്രി തന്നെയാണ് മുറി രൂപകല്പന ചെയ്തത്. എൻക്വയറി സെന്ററിന് സമീപത്താണ് വിശ്രമമുറി ഒരുക്കിയിട്ടുള്ളത്.സ്ത്രീകൾക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കും ഉപയോഗിക്കാം.20 രൂപയാണ്‌ ഒരു മണിക്കൂറിന്‌ നൽകേണ്ടത്‌. തുടർ മണിക്കൂറിന്‌ നിരക്ക്‌ 10 രൂപയാണ്.അഞ്ചുവയസുവരെയുള്ള കുട്ടികൾക്ക്‌ ചാർജ്‌ നൽകേണ്ട. 34 സീറ്റുകളാണുള്ളത്.മൊബൈൽ ചാർജിംഗ് സൗകര്യം,ഫീഡിംഗ് റൂം,സി.സി.ടി.വി എന്നിവയുമുണ്ട്. 24 മണിക്കൂറും മുറി പ്രവർത്തനസജ്ജമായിരിക്കും.ആദ്യഘട്ടത്തിൽ സെക്യൂരിറ്റിയെ നിയമിക്കും.അങ്കമാലി,കോഴിക്കോട്‌ ബസ്‌സ്‌റ്റേഷനുകളിൽ ഉടൻ വിശ്രമമുറികൾ തുറക്കും. മൊബൈൽ നിർമ്മാതാക്കളായ വിവോയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തത്.