തിരുവനന്തപുരം: ജില്ലയ്ക്ക് അപായ സൂചനയുമായി തെരുവുനായ്ക്കളിലെ പേവിഷബാധ. രണ്ട് മാസത്തിനിടെ നടന്ന 57 സാമ്പിൾ പരിശോധനയിൽ 15 എണ്ണം പോസിറ്റീവ് ! ആകെ ഫലത്തിന്റെ നാലിലൊന്നിൽ കൂടുതൽ പേവിഷബാധ സ്ഥിരീകരിക്കപ്പെട്ടതോടെ തലസ്ഥാന നഗരിയിൽ വിഹരിക്കുന്ന തെരുവുനായ്ക്കൾ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയാണ്.
തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിൽ അധികൃതരുടെ അലംഭാവത്തിന് നേരെയുള്ള ചുവപ്പ് സിഗ്നൽ കൂടിയാണ് ഈ പരിശോധനാഫലം. ഏപ്രിലിനും ജൂലായ്ക്കുമിടയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിൽ പരിശോധിച്ചത്. ഇതിൽ വളർത്തുനായ്ക്കളും ഉൾപ്പെടുമെങ്കിലും ഭൂരിഭാഗവും തെരുവുനായ്ക്കളാണെന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്.
പൂച്ച പ്രേമികളും ജാഗ്രത പുലർത്തണമെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്.പൂച്ചകളിൽ നിന്നുള്ള 21 സാമ്പിളുകൾ പരിശോധിച്ചപ്പോൾ മൂന്നെണ്ണത്തിൽ പേവിഷബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
കുറുക്കന്മാരിൽ നിന്നുള്ള മൂന്ന് സാമ്പിളുകളിൽ മൂന്നിലും പേവിഷബാധയുള്ളതിനാൽ വനപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. നായയുടെ കടിയേറ്റ ഒരു പശുവിന്റെ സാമ്പിളിലും പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷബാധ സംശയിക്കപ്പെട്ട് ചത്ത മൃഗങ്ങളിൽ നിന്നാണ് സാമ്പിൾ ശേഖരിക്കുന്നത്.
പേവിഷബാധ സംശയിച്ച് സിയാദിലേക്ക് അയച്ച 57 സാമ്പിളുകളിൽ 15 എണ്ണം പോസിറ്രീവായിരുന്നു. ഇതിൽ വളർത്തുനായ്ക്കളും ഉൾപ്പെടുന്നുണ്ട്.
ഡോ.സഞ്ജയ് ദേവരാജൻ.
ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ്, പാലോട്
തെരുവുനായ നിയന്ത്രണത്തിൽ എബിസി പ്രോഗ്രാം ഊർജ്ജിതമാക്കുകയാണ് ഭീഷണി ഒഴിവാക്കാൻ സഹായകം. തെരുവുനായ്ക്കളിലും പേവിഷ പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിക്കണം.തെരുവുനായ്ക്കളിൽ നാലിലൊന്ന് പേവിഷബാധയുണ്ടെന്ന കണക്ക് ശരിയല്ല.എങ്കിലും ജാഗ്രത പുലർത്തണം.
ഡോ.ഷീല സാലി ടി.ജോർജ്
ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ്,പാലോട്