arrest

ശംഖുംമുഖം: കഞ്ചാവും സിന്തറ്റിക്ക് ലഹരിയായ മത്തൊഫിറ്റമിനുമായി നിരവധി ലഹരിക്കേസുകളിലെ പ്രതി പിടിയിൽ. മാണിക്യവിളാകത്ത് വാടകയ്ക്ക് താമസിക്കുന്ന രാഹുൽ രാജിനെയാണ് (26) എക്‌സെസ് ഷഡോ സംഘം പിടികൂടിയത്. വില്പനയ്ക്കുള്ള 30ഗ്രാം കഞ്ചാവും 0.5ഗ്രാം വരുന്ന മത്തൊഫിറ്റമിനുമായി സ്‌കൂട്ടറിൽ കുമരിചന്ത ഭാഗത്തുനിന്ന് തിരുവല്ലത്തേക്കുള്ള സർവീസ് റോഡിലൂടെ വരുന്നതിനിടെയാണ് പിന്തുടർന്നെത്തിയ ഷഡോ സംഘം കരിമ്പുവിള പെട്രോൾ പമ്പിന് സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്. ഫോർട്ട്,പൂന്തുറ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ്. ജാമ്യത്തിൽ പുറത്തിറങ്ങുന്ന ഇയാൾ വീണ്ടും ലഹരിവില്പനയുമായി വിലസാറാണ് പതിവ്.

തീരമേഖല കേന്ദ്രീകരിച്ച് വ്യാപകമായിൽ ലഹരിവില്പന നടക്കുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിവന്ന നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഓഫീസർ ലോറൻസ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത്,സുരേഷ്ബാബു,പ്രബോദ്,അനന്തു,കൃഷണപ്രസാദ്,ഡ്രൈവർ ആന്റോ എന്നീവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.