
തിരുവനന്തപുരം:സഹകരണ മേഖലയിലെ നിയമ ഭേദഗതികൾ സംഘങ്ങളുടെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്നും സഹകരണ മേഖലയെയും ഇടപാടുകാരെയും ജീവനക്കാരെയും ബാധിക്കുന്ന നിയമങ്ങൾ മാറ്റുന്നതുവരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
സംഘങ്ങളിലെ അസിസ്റ്റന്റ് സെക്രട്ടറി, മാനേജർ തസ്തികകളിലേക്കുള്ള പ്രൊമോഷനുകൾ നിയന്ത്രിക്കുന്ന ചട്ടം 185(2എ,2ബി,2സി )ഭേദഗതികൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം.രാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.ലിജു മുഖ്യപ്രഭാഷണം നടത്തി. വഴുതക്കാട്ടുനിന്ന് ആരംഭിച്ച മാർച്ച് രജിസ്ട്രാർ ഓഫീസിനുമുമ്പിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് ധർണ നടത്തി പ്രതിഷേധിച്ചു. കെ.സി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി.സാബു, ട്രഷറർ കെ.കെ.സന്തോഷ്, കെ.പി.സി.സി സെക്രട്ടറി ഹരീന്ദ്രനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, അബ്ദുൾ റഷീദ് കണ്ണൂർ, സംസ്ഥാന ഭാരവാഹികളായ ടി. സി. ലൂക്കോസ്, ടി.വി.ഉണ്ണികൃഷ്ണൻ, സി.കെ.മുഹമ്മദ് മുസ്തഫ, സി.വി അജയൻ, ബിനു കാവുങ്ങൽ, പ്രേംകുമാർ കൊല്ലം,അബ്രഹാം കുര്യാക്കോസ്, പി.രാധാകൃഷ്ണൻ, കെ.ശശി ,അനിത വത്സൻ, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.