
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ പാവപ്പെട്ടവന്റെ ആശ്രയമായ ജനറൽ ആശുപത്രി ഡൽഹി എയിംസിന്റെ മാതൃകയിൽ മുഖംമിനുക്കാനൊരുങ്ങുന്നു. 207കോടി രൂപ ചെലവഴിച്ചുള്ള മാസ്റ്റർപ്ലാൻ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. പൊളിക്കുന്ന കെട്ടിടങ്ങളിലുള്ള വാർഡുകളും മറ്റ് ചികിത്സാ കേന്ദ്രങ്ങളും ഓഫീസുകളും മാറ്റിസ്ഥാപിക്കുന്ന നടപടികളും പുതിയ നിർമ്മാണത്തിനായുള്ള മരം മുറിക്കലും അടുത്തആഴ്ച തുടങ്ങും. 26മരങ്ങളാണ് മുറിക്കുക. കെട്ടിടങ്ങൾ പൊളിക്കുന്നതിനും മരങ്ങൾ മുറിക്കുന്നതിനും സർക്കാരിന്റെ അനുമതിയായി.
നിർമ്മാണം നടക്കുമ്പോൾ ആശുപത്രിവളപ്പിലെ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കെട്ടിടത്തിലും നിലവിലെ വാർഡുകൾ ഉൾപ്പെടെ മാറ്റി ക്രമീകരിക്കാൻ ധാരണയായി. ഈ കെട്ടിടത്തിന്റെ ഒരുഭാഗത്ത് മെഡിക്കൽ ട്രോമകെയർ ട്രെയിനിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. പൈതൃക കെട്ടിടം ഒഴിച്ചുള്ളവ പൊളിച്ചാണ് പുതിയത് പണിയുന്നത്. ഫാർമസിയടക്കം പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടവും പൈതൃക കെട്ടിടമായി നിലനിറുത്തും.
പ്രധാന ഓഫീസ് കെട്ടിടത്തിലെ ഒന്ന്,രണ്ട് വാർഡുകൾ മെഡിക്കൽ റെക്കാഡ് ലൈബ്രറി,ഡോക്ടർമാരുടെ വിശ്രമമുറി അടങ്ങുന്ന കെട്ടിടം,ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് ആൻഡ് ഒഫ്താൽമോളജി കെട്ടിടം,നഴ്സിംഗ് സൂപ്രണ്ട് ഓഫീസ്,അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ പീഡിയാട്രിക് ഒ.പി,ആർ.ജി.സി.ബി ലാബ് കെട്ടിടം,ക്യാന്റീൻ,വാർഡ് പത്ത്,ആറ്,ഏഴ്,രണ്ടാം വാർഡിനടുത്തുള്ള സെക്യൂരിറ്റി മുറി,രണ്ടാം വാർഡിനടുത്തുള്ള കിയോസ്‌ക് എന്നിവയാണ് പൊളിച്ചുമാറ്റുന്നത്.
ട്രോമകെയർ യൂണിറ്റ്,21കിടക്കയുള്ള ഡയാലിസിസ് യൂണിറ്റ്, 240കിടക്കയുള്ള വാർഡുകൾ,സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി,മൾട്ടി ഐ.സി.യു,ശസ്ത്രക്രിയ തിയേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് മാസ്റ്റർപ്ലാനിന്റെ ഭാഗമായി ഒരുങ്ങുന്നത്. 36മാസത്തിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പുതിയ കവാടം
നിലവിലെ പ്രവേശനകവാടത്തിനും സമീപത്തെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് ഓഫീസിനും ഇടയ്ക്ക് പുതിയ കവാടം
ഇപ്പോഴത്തെ പ്രവേശന കവാടം പുറത്തേക്കുള്ള വഴിയാകും
ഇപ്പോൾ പുറത്തേക്കുള്ള വഴി പൂർണമായും അടയ്ക്കും
നിലവിലെ അത്യാഹിതവിഭാഗം ഉൾപ്പെടെ പൊളിച്ച് വിശാലമായ പാർക്കിംഗ് സൗകര്യമൊരുക്കും
കിഫ്ബിയിലൂടെയാണ് ജനറൽ ആശുപത്രിൽ ബൃഹദ്പദ്ധതി നടപ്പാക്കുന്നത്.അതിവേഗത്തിൽ നടപടി പുരോഗമിക്കുകയാണ്.സമയബന്ധിതമായി പൂർത്തിയാക്കും.
-വി.കെ.പ്രശാന്ത്
എം.എൽ.എ