തിരുവനന്തപുരം: വഴുതക്കാട് വാർഡിലെ അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.പരിഹാരമുണ്ടാക്കാൻ ജലഅതോറിട്ടി ചീഫ് എൻജിനിയറും മറ്റ് എൻജിനിയർമാരുമടങ്ങിയ സമിതിക്ക് രൂപം നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജലഅതോറിട്ടി എം.ഡിക്ക് നിർദ്ദേശം നൽകി.

കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള മാർഗങ്ങൾ ജലഅതോറിട്ടി എം.ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കണ്ടെത്തണം.സമയപരിധി നിശ്ചയിച്ച് യഥാസമയം പരിഹാര നടപടികൾ സ്വീകരിക്കണം. കുടിവെള്ള ക്ഷാമത്തിന് കാരണമായ പ്രവൃത്തി സംബന്ധിച്ച വിവരങ്ങൾ, കാലതാമസത്തിനുള്ള കാരണങ്ങൾ എന്നിവ കണ്ടെത്തി സ്വീകരിച്ച നടപടികൾ എം.ഡി അറിയിക്കണം.നഗരസഭാ സെക്രട്ടറിയും റിപ്പോർട്ട് നൽകണം.കുടിവെള്ള ക്ഷാമത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി വഴുതക്കാട് വാർഡ് കൗൺസിലറും റിപ്പോർട്ട് നൽകണം. ഇതിൽ പരിഹാര മാർഗങ്ങളുമുണ്ടാവണം.റിപ്പോർട്ടുകളെല്ലാം മൂന്നാഴ്ചയ്ക്കകം ലഭിക്കണം. ജലഅതോറിട്ടി എം.ഡിയും നഗരസഭാ സെക്രട്ടറി നിർദ്ദേശിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും 30ന് നടക്കുന്ന സിറ്റിംഗിൽ ഹാജരായി വിശദീകരണം നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.