തിരുവനന്തപുരം: വർഷങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന വഴുതക്കാട് വാർഡ് നിവാസികൾ ജലഭവനു മുന്നിൽ പ്രതിഷേധിച്ചു.വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് ധർണ സംഘടിപ്പിച്ചത്. ആന്റണി രാജു എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു.സ്മാർട്ട് സിറ്റിയുടെ പണി ആരംഭിച്ചതു മുതൽ ഇവിടെ കുടിവെള്ളം കിട്ടാക്കനിയാണ്. ഉദാരശിരോമണി റോഡിലെ ജനങ്ങളാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്.ടാങ്കറിൽ എത്തിക്കുന്ന വെള്ളം ചുമന്ന് വീട്ടിലെത്തിക്കാൻ പ്രായമായവർക്ക് സാധിക്കില്ല.ചെറിയ ഇടവഴികളിൽ കുടിവെള്ളമെത്തിക്കാൻ സംവിധാനങ്ങളില്ല. രാഖി രവികുമാറിന്റെ നേതൃത്വത്തിൽ ആൽത്തറ,സി.എസ്.എം നഗർ, ഉദാരശിരോമണി,പാലോട്ടുകോണം,തമ്പുരാൻ നഗർ,ശ്രീലൈൻ,ഗാന്ധിനഗർ,ടാഗോർ നഗർ,വഴുതക്കാട്,ഫോറസ്റ്റ് ഓഫീസ് ലെയിൻ തുടങ്ങിയ അസോസിയേഷനുകളും കോട്ടൺഹിൽ സ്‌കൂൾ അധികൃതരും ചേർന്നാണ് ധർണ സംഘടിപ്പിച്ചത്. സി.ജയദേവൻ,പ്രദീപ്.ജി.എം,ഭുവനചന്ദ്രൻ,ഗോപകുമാർ,സുരേഷ് കുമാർ, കെ.കെ.രവീന്ദ്രക്കുറുപ്പ്, മുരളി പ്രതാപ്,പാളയം ബാബു,അനിൽകുമാർ,ജീവൻ,നാരായണ ശർമ്മ,ദത്ത,ഹരികുമാർ,മുരളീധരൻ എന്നിവർ സംസാരിച്ചു.

ഒരാഴ്ചയ്ക്കകം ശാശ്വതപരിഹാരം

ജലഭവൻ ഉദ്യോഗസ്ഥരുമായി വാർഡ് കൗൺസിലറും അസോസിയേഷൻ പ്രതിനിധികളും നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കകം പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

വഴുതക്കാട് പ്രദേശത്തും സമീപമേഖലകളിലും ഉദ്യോഗസ്ഥരെ വിന്യസിക്കും.രാത്രിയിൽ കുടിവെള്ളം എത്തിക്കും.ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ കടുത്ത പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.