
തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ വെളിപ്പെടുത്തലുകൾ സർക്കാരിനും മുന്നണിക്കും ദോഷമുണ്ടാക്കിയെന്ന് സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി.
ഘടകകക്ഷികൾക്ക് പറയാനുള്ളത് കേൾക്കാനും സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുമായി എൽ.ഡി.എഫിന്റെ വിശാലയോഗം ഓണത്തിന് ശേഷം വിളിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടണം.
സി.പി.ഐയുടെ അംഗത്വത്തിൽ കുറവ് വന്നതും എക്സിക്യുട്ടീവ് ചർച്ച ചെയ്തു. പട്ടിക തിരിച്ച് നടന്ന അംഗത്വ കണക്കെടുപ്പിലാണ് കണ്ടെത്തൽ. റിപ്പോർട്ട് സംസ്ഥാന കൗൺസിൽ വിശദ ചർച്ചയ്ക്ക് വിധേയമാക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സംസ്ഥാന കൗൺസിൽ നേതാക്കൾക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച കമ്മിഷനുകൾ റിപ്പോർട്ട് സമർപ്പിച്ചു. മറ്റ് ജില്ലകളിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളിലും ചർച്ച നടന്നു. വഴിവിട്ട രീതികൾ അംഗീകരിക്കാനാവില്ലെന്ന് എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകും.
ഇസ്മായിലിനെതിരെ നടപടി:
ശുപാർശ പരിശോധിക്കും
പാലക്കാട് ജില്ലയിലെ സേവ് സി.പി.ഐ ഫോറത്തെ പിന്തുണച്ച കെ.ഇ. ഇസ്മായിലിനെതിരെ നടപടി വേണമെന്ന പാലക്കാട് ജില്ലാ കൗൺസിലിന്റെ ശുപാർശ എക്സിക്യുട്ടീവ് പരിശോധിക്കും. ജില്ലാ കൗൺസിലിൽ ക്ഷണിതാവ് മാത്രമായതുകൊണ്ട് കടുത്ത നടപടിക്ക് സാദ്ധ്യത കുറവാണ്.