പോത്തൻകോട് : ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ അഭിഭാഷകന് 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ ഹിൽവ്യു ഹൗസിൽ അഡ്വ.ഷാജിയെയാണ് കബളിപ്പിച്ചത്. വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. അമേരിക്കൻ കമ്പനിയായ എൻ.ജി.സി ട്രേഡിംഗ് ആൻഡ് മൈനിംഗ് പ്ലാറ്റ്ഫോമിന്റ് വ്യാജ പ്ലാറ്റ്ഫോം നിർമ്മിച്ച് ഇതിന്റെ രണ്ട് ലിങ്കുകൾ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തു. ഇത് ഗൂഗിൾ ക്രോം വഴിയും മൊബൈൽ ആപ്പ് വഴിയിലും ഡൗൺലോഡ് ചെയ്യാനും പറഞ്ഞു. 2024 മേയ് മുതൽ ആഗസ്റ്റ് വരെ പലതവണകളായാണ് തട്ടിപ്പുകാർ പറഞ്ഞതനുസരിച്ച് നിക്ഷേപിച്ചത്. രണ്ടുതവണ ചെറിയ തുകകൾ ലാഭമായി തിരിച്ചുനൽകി വിശ്വാസം നേടിയെടുത്തു. പത്തു ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ട്രേഡിംഗ് ലാഭവിഹിതം പിൻവലിക്കാൻ കൂടുതൽ തുക അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അതിനായാണ് പല ഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് 42 ലക്ഷം രൂപ നൽകിയത്. എന്നിട്ടും തുക പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. കേരളത്തിന് പുറത്തുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.