തിരുവനന്തപുരം: വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണപതി ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മഹാഗണപതിഹോമങ്ങളോടെ ചതുർത്ഥി ആഘോഷം തുടങ്ങും.മോദകം,ഉണ്ണിയപ്പം എന്നിവയുടെ നിവേദ്യവും പ്രത്യേകപൂജകളും ഉണ്ടായിരിക്കും. ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഗണേശ വിഗ്രഹപൂജകൾ ഇക്കഴിഞ്ഞ 4ന് ആരംഭിച്ചിരുന്നു.12ന് സമാപിക്കും. വൈകിട്ട് 5ന് പഴവങ്ങാടിയിൽ നിന്ന് വിഗ്രഹഘോഷയാത്രയും ശംഖുംമുഖം കടലിൽ വിഗ്രഹനിമജ്ജനവും നടക്കും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. രാവിലെ മഹാഗണപതി ഹോമത്തെ തുടർന്ന് 101 നാളികേരം ഉടയ്ക്കും. രാത്രി 8ന് ആനപ്പുറത്ത് കോട്ടയ്ക്കകത്ത് കൂടി എഴുന്നള്ളത്ത് നടത്തും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അഗ്രശാല ഗണപതി ക്ഷേത്രത്തിൽ പ്രത്യേകപൂജകൾ,അലങ്കാരം എന്നിവയുണ്ടായിരിക്കും.