തിരുവനന്തപുരം: നഗരത്തെയാകെ വലച്ച കുടിവെള്ള പ്രശ്നത്തിന് താത്കാലികമായെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിയാതെ അധികൃതർ. നേമം,ഐരാണിമുട്ടം പ്ലാന്റുകളിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ മാറ്റുന്ന പണി ഇന്നലെ രാത്രി വൈകിയും പൂർത്തിയാക്കാനായിട്ടില്ല.
ഇന്നലെ ഉച്ചയോടെ പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്.എന്നാൽ, രാത്രിയിലും ഇന്ന് രാവിലെയും കൂടി പണി നടത്തിയാലേ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാവൂവെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.
നാഗർകോവിലിലേക്കുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം,ഐരാണിമുട്ടം പ്ലാന്റുകളിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്രുന്ന പണിയാണ് നടക്കുന്നത്.സി.ഐ.ടി റോഡിലെയും ശാസ്ത്രി നഗറിലെയും റെയിൽവേ ക്രോസിലാണ് പണി നടക്കുന്നത്. നഗരത്തിലെ 45ഓളം വാർഡുകളിലെ ജലവിതരണം വ്യാഴാഴ്ച രാവിലെ 8 മുതൽ പൂർണമായി നിറുത്തിവച്ചിട്ടുണ്ട്.
ഇതുമൂലം മിക്കയിടത്തും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു.സെക്രട്ടേറിയറ്റും വിവിധ ഓഫീസുകളിലും വെള്ളമില്ലാതായതോടെ പ്രവർത്തനത്തെ ബാധിച്ചു.ഹോട്ടലുകളിലും റസ്റ്റോറന്റുകളെയും മാത്രമല്ല, ജനറൽ ആശുപത്രി,തൈക്കാട്ആശുപത്രി എന്നിവിടങ്ങളിലും വലിയ പ്രതിസന്ധിയാണുണ്ടായത്.
ഇതുകൂടാതെ,സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അടിക്കടി പണികളും അറ്റകുറ്റപ്പണികളും നടന്നതുമൂലം അടുത്തിടെ മൂന്നിലേറെ തവണ ജലവിതരണം നിറുത്തിവച്ചിരുന്നതിനാൽ കരുതിവച്ചിരുന്ന വെള്ളം തീർന്നതായി നാട്ടുകാർ പറയുന്നു.
രോഗികളും പ്രായമുള്ളവരുമാണ് ഏറെ വലയുന്നത്. ജലവിതരണം നിറുത്തിവച്ചതിന് പകരമായി നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും പലയിടത്തും എത്തിയില്ല.സ്വകാര്യ ഏജൻസികളിൽ നിന്ന് വെള്ളം വാങ്ങേണ്ടിവരുന്നത് കൊള്ളവിലയ്ക്കാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.