തിരുവനന്തപുരം: ഉയർന്ന പ്രദേശങ്ങളിൽ മർദ്ദമില്ലാത്തതുമൂലം വെള്ളം കിട്ടാതിരിക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കി വാട്ടർ അതോറിട്ടി.നിലവിലുള്ള കുടിവെള്ള വിതരണ പൈപ്പിൽ പ്രഷർ ബൂസ്റ്റിംഗ് സിസ്റ്റം സ്ഥാപിച്ച് നടത്തിയ പരീക്ഷണത്തിലാണ് പ്രശ്നത്തിന് ഫലം കണ്ടത്. ഈ സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തുടർന്ന് നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ ഉദാരശിരോമണി റോഡിലെയും ശിശുവിഹാറിലെയും കുടിവെള്ള വിതരണ പ്രശ്നത്തിന് പരിഹാരമുണ്ടായതായി അധികൃതർ പറഞ്ഞു.വെള്ളയമ്പലത്ത് നിന്ന് മേട്ടുക്കടയിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ നിന്ന് ഉദാരശിരോമണി റോഡിലേക്കുള്ള ഇന്റർ കണക്ഷൻ കൊടുത്ത ഭാഗത്ത് പ്രത്യേകമായി ബൂസ്റ്റർ പമ്പും ഫിറ്റിംഗും സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. ഇതുമൂലം വലിയ മർദ്ദത്തിൽ തന്നെ ശിശുവിഹാർ ഭാഗത്തുള്ള ബഹുനില കെട്ടിടത്തിന്റെ മുകളിൽ വരെ വെള്ളം ലഭിച്ചെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ഇത് നടപ്പാക്കാൻ ചെറിയ പമ്പും എക്സ്റ്റൻഷനും മറ്റും സ്ഥാപിക്കുന്നതിനുള്ള ചെറിയ ക്യാബിനും വൈദ്യുതി കണക്ഷനുമാണ് ആവശ്യമായി വരിക.പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റുള്ള ഉയർന്ന പ്രദേശങ്ങളിലും ഇത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുമെന്നും അറിയിച്ചു.