മൺറോത്തുരുത്തിൽ വീടും സ്ഥലവും കൈമാറി
തിരുവനന്തപുരം: കയറിക്കിടക്കാൻ ഇടമില്ലാതെ തകരപ്പറമ്പ് ഫ്ലൈ ഓവറിനടിയിൽ നരക ജീവിതം നയിച്ചിരുന്ന ബിജുവിനും കുടുംബത്തിനും മോചനം. ഇന്നലെ മൺറോത്തുരുത്തിൽ നടന്ന ചടങ്ങിൽ അവർക്ക് വീടും സ്ഥലവും കൈമാറി. ഇതോടെ പൊലീസിനെയും നാട്ടുകാരെയും സാമൂഹ്യവിരുദ്ധരെയും ഭയന്നുള്ള ജീവിതത്തിന് അറുതിയാവുകയാണ്.
തലസ്ഥാന നഗരമദ്ധ്യത്തിൽ തകരപ്പറമ്പ് ഫ്ലൈ ഓവറിനടിയിലാണ് ബിജു ഉൾപ്പെടെ ഏഴംഗ കുടുംബം ഏറെനാളായി കഴിഞ്ഞത്. ഇത് കേരള കൗമുദി വാർത്തയാക്കിയിരുന്നു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട മൺറോതുരുത്ത് മാൻഗ്രോവ് ഹോളിഡേയ്സ് റിസോർട്ട്സ് ഉടമ, പട്ടംതുരുത്ത് ദാസ് വിലാസത്തിൽ ദാസൻ നാല് സെന്റ് പുരയിടവും വീടും കേരളകൗമുദിയുമായി ബന്ധപ്പെട്ട് ബിജുവിനും കുടംബത്തിനും വാഗ്ദാനം ചെയ്തു. മൺറോതുരുത്തിലെ കുടുംബവീടും വസ്തുവിന്റെ ഒരു ഭാഗവുമാണ് ദാസൻ ഇതിനായി നീക്കിവച്ചത്. ഇതാണ് ഇന്നലെ കൈമാറിയത്.
കഴിഞ്ഞ 14നാണ് കൈതമുക്ക് സ്വദേശി ബിജുവിന്റെ ദുരിതജീവിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തത്.
കെട്ടിട നിർമ്മാണത്തിനിടെ വീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ബിജുവിന് ചികിത്സയ്ക്കായി കിടപ്പാടം വിൽക്കേണ്ടിവന്നു. അതോടെ, കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി ബിജു തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.