
നിർമ്മാണപ്രവൃത്തികളുടെയോ അറ്റകുറ്റപ്പണികളുടെയോ പേരിൽ ദിവസങ്ങളോളം കുടിവെള്ളം മുട്ടിച്ച് ജനജീവിതം പ്രതിസന്ധിയിലാക്കുന്ന രീതി ഇന്നത്തെ കാലത്തിന് ചേർന്നതല്ല. നാഗർകോവിലിലേക്കുള്ള പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായാണ് നേമം,ഐരാണിമുട്ടം ഭാഗത്തെ 700എം.എം ട്രാൻസ്മിഷൻ പൈപ്പ്ലൈൻ അലെയ്ൻമെന്റ് മാറ്റുന്ന ജോലികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അരുവിക്കരയിലെ രണ്ട് പ്ലാന്റുകളുടെ പ്രവർത്തനം നിറുത്തിയത്. സ്വാഭാവികമായും ജലവിതരണം തടസപ്പെടും.എന്നാൽ 45ഓളം വാർഡുകളിലേക്ക് അതിന്റെ ആഘാതം എങ്ങനെയുണ്ടായി, അത് പരമാവധി കുറയ്ക്കാമായിരുന്നില്ലേ എന്നിവയാണ് പ്രധാന ചോദ്യങ്ങൾ.
അശാസ്ത്രീയ സമീപനമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം. ഇത് തിരുവനന്തപുരത്തിന്റെ മാത്രം കാര്യമല്ല. കേരളത്തിലുടനീളം വാട്ടർഅതോറിട്ടിയുടെ ഈ പ്രവർത്തന ശൈലി കാരണം ജനങ്ങൾ വലയുകയാണ്. ജലം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്.എന്നാൽ നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും നടത്താതിരിക്കാനാകില്ല. അവിടെയാണ് ശാസ്ത്രീയതയും പ്രായോഗികതയും പ്രകടമാക്കേണ്ടത്.വാട്ടർഅതോറിട്ടിക്ക് പണി നടത്തണം, അതുകൊണ്ട് ജനങ്ങൾ കുടിക്കാനും കുളിക്കാനും പാടില്ലെന്ന് പറയുന്നത് ശരിയല്ല. എവിടെയാണ് നിർമ്മാണം,സ്വഭാവം,വെല്ലുവിളികൾ,എത്രമണിക്കൂർ എന്നിവയെല്ലാം ജോലി ആരംഭിക്കുന്നതിന് മുമ്പ് നിശ്ചയിക്കണം. അതിന് നിർമ്മാണം നടത്താൻ പോകുന്ന പൈപ്പ് ലൈനിനെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചും വ്യക്തമായ ധാരണവേണം. നിർഭാഗ്യവശാൽ ഇന്ന് വാട്ടർഅതോറിട്ടിയിലെ എൻജിനിയർമാർക്ക് ഇത്തരമൊരു ധാരണയില്ല.
ആസ് ലെയ്ഡ് മാപ്പ് എവിടെപോയി ?
ഒരുപ്രദേശത്തെ പൈപ്പ്ലൈനുകളെക്കുറിച്ച് സമഗ്രമായ വിവരം ലഭ്യമാകുന്ന ആധികാരിക രേഖയാണ് ആസ് ലെയ്ഡ് മാപ്പ്.ഓരോയിടത്തും കടന്നുപോകുന്ന പൈപ്പ്ലൈനുകളുടെ അളവ്, ഏത് തരം, എത്രവാൽവുകളുണ്ട്.പുതുതായി പൈപ്പുകൾ മാറ്റിയ പോയിന്റുകൾ,പഴയ പൈപ്പുകൾ നിലവിലുള്ള സ്ഥലങ്ങൾ,പതിവായി തകരാറിലാകുന്ന പ്രദേശം, പരസ്പം കൂടിച്ചേരുന്നയിടങ്ങൾ എന്നിങ്ങനെ എല്ലാവിവരങ്ങളും ഈ മാപ്പിലുണ്ടാകും. എന്നാൽ ഒരുപതിറ്റാണ്ടിലേറെയായി വാട്ടർഅതോറിട്ടിക്ക് ഇത്തരമൊരു മാപ്പില്ല.അവിടെയാണ് യഥാർത്ഥ പ്രശ്നം ആരംഭിക്കുന്നത്. ഇപ്പോൾ തലസ്ഥാനത്തെ ദുരിതത്തിന്റെ അടിസ്ഥാനകാരണവും മറ്റൊന്നല്ല. ആസ് ലെയ്ഡ് മാപ്പുണ്ടായിരുന്നെങ്കിൽ പണിക്കിറങ്ങും മുമ്പ് വ്യക്തമായ ധാരണയുണ്ടാകുമായിരുന്നു. ജനങ്ങൾക്കുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാനും കഴിയുമായിരുന്നു.എൻജിനിയർമാർ വാസ്തവത്തിൽ ഇരുട്ടിൽ തപ്പുകയാണ്. അവർക്ക് വഴികാട്ടാൻ അടിയന്തരമായി ഇത്തരമൊരു മാപ്പ് സജ്ജമാക്കണം.
മാറ്റങ്ങളും പ്രതിബദ്ധതയും
പഴയനഗരങ്ങളും ജനസാന്ദ്രതയുമല്ല ഇപ്പോൾ.
വീടുകൾക്ക് പുറമേ വൻകെട്ടിട സമുച്ചയങ്ങളും നിറയുന്ന നാട്ടിൽ പുതിയ ക്രമീകരണങ്ങൾ വേണം.
10,000 പേരായിരുന്നു നേരത്തെ ഒരുസെക്ഷന് കീഴിൽ ഇപ്പോൾ 35,000വരെ.
ജീവനക്കാർ പരിമിതം.കൂടുതൽ ഓവർസിയർമാരെ ഉൾപ്പെടെ നിയമിക്കണം.
ജോലിഭാരം കുറച്ച് ശാസ്ത്രീയമാക്കണം.
സാമൂഹ്യപ്രതിബദ്ധതയോടെ ഉദ്യോഗസ്ഥർ ജോലിനോക്കണം.ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കണം.
ഫണ്ട് ലഭ്യതഉറപ്പാക്കണം,അതോറിട്ടിയുടെ എം.ഡിയായി എൻജിനിയർമാരെ നിയോഗിക്കണം.