
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ നോർത്ത് പാടശേഖരത്തിലെ നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. കൊയ്യാൻ 15 ദിവസം മാത്രം അവശേഷിക്കവെയാണ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി കൂട്ടത്തോടെ എത്തിയ പന്നികൾ നശിപ്പിച്ചത്. സോജി, സനൽ, ആൽഫ, സന്തോഷ് കുമാർ തുടങ്ങി നിരവധി കർഷകരാണ് 12 ഹെക്ടറോളം കൃഷി ചെയ്തിട്ടുള്ളത്. മൂന്ന് നാടൻ നെല്ലിനങ്ങളുടെ സങ്കരയിനമായ മട്ടത്രിവേണിയാണ് ഇത്തവണ കൃഷി ചെയ്തിട്ടുള്ളത്.നൂറ്റിപത്ത് ദിവസം കൊണ്ട് കൊയ്തെടുക്കാം എന്നാണ് പ്രത്യേകത. നെൽപ്പാടങ്ങളിൽ കർഷകർ രാത്രി കാവൽ കിടക്കുന്ന പതിവുണ്ട്. എന്നിട്ടും ഇവരുടെ കണ്ണുവെട്ടിച്ചാണ് പന്നികൾ കൃഷി നശിപ്പിച്ചത്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശല്യമുള്ള കാട്ടുപന്നികളെ വെടിവയ്ക്കാനായി രണ്ടു സംഘങ്ങളെ തയ്യാറാക്കിയെങ്കിലും രണ്ടുപന്നികളെ മാത്രമാണ് കൊല്ലാൻ കഴിഞ്ഞത്. ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഷൂട്ടർമാരുടെ സേവനം രാത്രിയിൽ ലഭ്യമാക്കിയാൽ ബാക്കിയുള്ള നെല്ലെങ്കിലും കൊയ്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കർഷകർക്ക്. ഇതിനായി പഞ്ചായത്തും വനംവകുപ്പും കരുണ കാട്ടണമെന്ന അഭ്യർത്ഥനയാണ് കർഷകർക്കുള്ളത്.
പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിലെ നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ