bumper

തിരുവനന്തപുരം: ഓണം ബമ്പറിന്റെ പേരിൽ തട്ടിപ്പ് നടക്കാതിരിക്കാൻ ശക്തമായ ബോധവൽക്കരണത്തിനും പരസ്യത്തിനും ലോട്ടറി വകുപ്പ് തുടക്കമിടുന്നു. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന. പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും സുരക്ഷാമാർക്കുകളും മുൻകരുതലുകളും ശ്രദ്ധിക്കണമെന്നും ഓൺലൈൻ ലോട്ടറികൾ എടുക്കരുതെന്നും കാട്ടിയാണ് ബോധവൽക്കരണം. ഓൺലൈൻ,വാട്സ് ആപ്പ് ലോട്ടറികളുടെ ചതിയിൽ വീഴരുതെന്നും മുന്നറിയിപ്പുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ബോധവൽക്കരണം നടത്തും.

സമ്മാനങ്ങൾ

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമുണ്ട്.

മുൻ വർഷം ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം തിരുപ്പൂർ സ്വദേശികളായ നാലുപേർക്കാണ് ലഭിച്ചത്. കോഴിക്കോടാണ് ഈ ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം,എറണാകുളം,മലപ്പുറം,കോട്ടയം,വൈക്കം,ആലപ്പുഴ,കായംകുളം,പാലക്കാട്,കണ്ണൂർ,വയനാട്,ഗുരുവായൂർ,തൃശൂർ,പത്തനംതിട്ട എന്നിവിടങ്ങളിലായി ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും കിട്ടിയിരുന്നു.

വില്പനയിൽ കുതിപ്പ്

ഇത്തവണ ഓണം ബമ്പർ വൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. ഇതുവരെ കാൽക്കോടി ടിക്കറ്റ് വിറ്റു. 90 ലക്ഷമാണ് ലക്ഷ്യം.ഇക്കുറി പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ.