തിരുവനന്തപുരം: സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസായ ഇ.കെ. നായനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിനൊപ്പം 11 നിർദ്ധനർക്ക് നൽകുന്ന ഭവനങ്ങളുടെ താക്കോൽ ദാനവും നടക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എയും ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. 10ന് വൈകുന്നേരം അഞ്ചിനു വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിൽ നടക്കുന്ന ചടങ്ങിൽ ഇ.കെ. നായനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൂർത്തീകരിച്ച 11 തലോടൽ ഭവനങ്ങളുടെ താക്കോൽദാനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിർവഹിക്കും. ഏരിയ കമ്മിറ്റിക്കു കീഴിൽ വരുന്ന 10 ലോക്കൽ കമ്മിറ്റികൾ നിർമിച്ച 10 വീടുകളും ഏരിയ കമ്മിറ്റി നിർമിച്ച ഒരു വീടുമാണ് കൈമാറുന്നത്. സുമനസുകൾ നൽകിയ സിമന്റും കട്ടയും അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു നിർമാണം. ടാർ ഷീറ്റു മൂടിയ ഷെഡിൽ കിടന്നുറങ്ങവേ പാമ്പുകടിയേറ്റു മരിച്ച യുവതിയുടെ മകൾ, ഭർത്താവ് മരിച്ച സ്ത്രീയും രണ്ടു കുട്ടികളും, കാൻസർ അടക്കമുള്ള രോഗബാധിതർ തുടങ്ങിയവർക്കാണ് വീടുകൾ നിർമിച്ചു നൽകുന്നതെന്ന് വി. ജോയി പറഞ്ഞു.
ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം ഒരു മുറിയിൽ ജനസേവനകേന്ദ്രവും സി.പി.എം തുടങ്ങും. ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.