തിരുവനന്തപുരം: നഗരത്തിൽ മൂന്ന് ദിവസമായി തുടരുന്ന ശുദ്ധജല ക്ഷാമത്തിന് ഇന്നലെയും പരിഹാരമായില്ല. ഇങ്ങനെ പോയാൽ ഓണനാളുകളിൽ വെള്ളത്തിന് നഗരം വിട്ടുപോകേണ്ടി വരുമെന്ന ആശങ്കയിലാണ് ജനം. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലെ 500 എം.എം,700 എം.എം പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി നിറുത്തിവച്ച പമ്പിംഗ് ഇന്നലെ ഭാഗികമായി പുനരാരംഭിച്ചെങ്കിലും പിന്നീട് നിറുത്തിവയ്‌ക്കുകയായിരുന്നു. വെള്ളമില്ലാതെ വന്നതോടെ പലയിടത്തും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

വീടിന് മുന്നിൽ നിരത്തിയ ബക്കറ്റുകളുമായി കാത്തുനിന്ന തീരദേശ വാർഡുകളിലെ ജനങ്ങളാണ് പ്രതിഷേധിച്ചത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകൾ ഓരോ ലോഡ് വെള്ളം വീതം വാർഡുകളിലെത്തിച്ചെങ്കിലും അതു തികയാതെ വന്നതോടെയാണ് പ്രതിഷേധിച്ചത്. പൂന്തുറ വാർഡിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വാട്ടർ ടാങ്കറിലെത്തിച്ച് ജലവിതരണം നടത്തി. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പണി നടക്കുന്നതിനാൽ അരുവിക്കരയിലെ 74 എം.എൽ.ഡി,75 എം.എൽ.ഡി പ്ലാന്റുകളിൽ നിന്നുള്ള ജലവിതരണം കഴിഞ്ഞ ദിവസങ്ങളിൽ നിറുത്തിവച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെ 75 എം.എൽ.ഡി പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി. ഇന്നലെ രാവിലെ 9ഓടെ 74 എം.എൽ.ഡി പ്ലാന്റിൽ നിന്നുള്ള ജലവിതരണം കൂടി ആരംഭിച്ചെങ്കിലും ഉച്ചയ്‌ക്ക് ഒന്നോടെ ജലവിതരണം നിറുത്തിവയ്‌ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. വിതരണ പൈപ്പ് ഇടയ്ക്കുവച്ച് അടച്ച ശേഷമാണ് പമ്പിംഗ് ആരംഭിച്ചത്. ഈ പൈപ്പിൽ മർദ്ദം തിരിച്ചുണ്ടാകുന്നതിനാലാണ് പമ്പിംഗ് നിറുത്തിയത്. വെള്ളയമ്പലം വരെയുള്ള താഴ്ന്ന ചില മേഖലകളിൽ ഭാഗികമായി വെള്ളം ലഭിച്ചെങ്കിലും പമ്പിംഗ് നിറുത്തിയതോടെ അതും മുടങ്ങി.

നേമം,ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്‌മിഷൻ പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്നതിന് കിള്ളിപ്പാലം–ജഗതി റോഡിലെ സി.ഐ.ടി റോഡ്,കുഞ്ചാലുംമൂട് എന്നിവിടങ്ങളിൽ നടക്കുന്ന നിർമ്മാണം ഇന്ന് രാത്രിയോടെ പൂർത്തിയാകുമെന്നാണ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ പൈപ്പുകളിലെ വെൽഡിംഗ് ജോലിയാണ് നടക്കുന്നത്. ഇന്നലെ പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്ന ജോലി പൂർത്തിയാകാത്തതാണ് ജലവിതരണം പുനഃസ്ഥാപിക്കാൻ തടസമാകുന്നത്. അറ്റകുറ്റപ്പണി നീളുന്നതിനാൽ 33 വാർഡുകളിൽ പൂർണമായും 11 വാർഡുകളിൽ ഭാഗികമായും ശുദ്ധജല വിതരണം മുടങ്ങി.

കുടിവെള്ള വിതരണം ഇന്ന്

പുനരാരംഭിക്കുമെന്ന് മന്ത്രി

 വഴുതക്കാട് മേഖലയിൽ 12നകം

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തടസപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം. കെ.ആർ.എഫ്.ബിയുടെ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണത്തെ തുടർന്ന് കുടിവെള്ള വിതരണം തടസപ്പെട്ട വഴുതക്കാട്,തൈക്കാട് വാർഡുകളിലെ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലാക്കാൻ നടത്തുന്ന രണ്ട് ഇന്റർകണക്ഷൻ പ്രവൃത്തികൾ 12നകം പൂർത്തിയാക്കും.

അതുവരെ 10 ടാങ്കറുകളിൽ ഈ പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുദ്ധജല വിതരണം നടത്തും. നിലവിൽ 14 ടാങ്കറുകൾ നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ടാങ്കറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വാട്ടർ അതോറിട്ടിയുടെ 5 വെൻഡിംഗ് പോയിന്റുകളിൽ നിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകും. കഴക്കൂട്ടം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അമൃത് രണ്ട് പദ്ധതി പ്രകാരമുള്ള കരാറിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.

ഓണം നാളുകളിൽ ഈ മേഖലയിൽ നഗരസഭയിലെ ടാങ്കറുകൾക്ക് പുറമെ വാട്ടർ അതോറിട്ടി 10 ടാങ്കറുകളിൽ കൂടി കുടിവെള്ളമെത്തിക്കും. എ.ഡി.ബി വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ തയ്യാറാക്കിയ 1000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി.

എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,ആന്റണി രാജു,വി.കെ.പ്രശാന്ത്,മേയർ ആര്യാ രാജേന്ദ്രൻ,സബ് കളക്ടർ ആൽഫ്രഡ്,എ.ഡി.എം വിനീത്,വാട്ടർ അതോറിട്ടി ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസ്,കോർപ്പറേഷൻ കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ,രാഖി രവികുമാർ,സുജാദേവി,കോർപ്പറേഷൻ സെക്രട്ടറി ജഹാംഗീർ,സ്മാർട്ട് സിറ്റി ജനറൽ മാനേജർ കൃഷ്ണകുമാർ,കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജ് എന്നിവരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.