
ബഡ്‌ജറ്റിൽ 35 കോടി വകയിരുത്തിയിട്ടും ഫലമില്ല !
തിരുവനന്തപുരം :കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ അനുബന്ധമായി സംസ്ഥാനത്ത് പട്ടികവർഗക്കാർക്കായി നടപ്പാക്കിയ ട്രൈബൽ പ്ലസിൽ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം കൂലി മുടങ്ങി. 21,660കുടുംബങ്ങൾക്ക് 6.56കോടിയാണ് കുടിശിക. ഓണത്തിനെങ്കിലും കുടിശിക കിട്ടുമെന്ന പ്രതീക്ഷയിലാണ് പാവപ്പെട്ട ആദിവാസി കുടുംബങ്ങൾ.
പണിയെടുത്ത് 15ദിവസത്തിനകം കൂലി നൽകണമെന്നിരിക്കെയാണ് ഇവരെ ആറുമാസമായി വലയ്ക്കുന്നത്. 2023-24ലും നടപ്പ് വർഷവും 35കോടി വീതം ട്രൈബൽ പ്ലസിനായി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പട്ടികവർഗ വകുപ്പിൽ നിന്ന് യഥാസമയം ഫണ്ട് ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ച രാജ്യത്തിന് മാതൃകയായ പദ്ധതിയുടെ നിറംകെടുത്തുന്നു.
തൊഴിലുറപ്പിൽ ഒരു സാമ്പത്തിക വർഷം ഒരു കുടുംബത്തിന് ലഭിക്കുന്നത് 100 തൊഴിൽ ദിനങ്ങളാണ്. പട്ടികവർഗക്കാർക്ക് 100 തൊഴിൽ ദിനങ്ങൾ അധികം നൽകാനാണ് സംസ്ഥാന സർക്കാർ 2018ൽ ട്രൈബൽ പ്ലസ് പദ്ധതി ആരംഭിച്ചത്. അധിക ദിനങ്ങളുടെ കൂലി സംസ്ഥാനമാണ് നൽകുന്നത്.
നടപ്പുവർഷം ഇരുട്ടടി
100 ദിനങ്ങൾ പൂർത്തിയായാൽ അധിക ദിവസങ്ങൾക്കായി പട്ടിവർഗക്കാർ പഞ്ചായത്തുകളെ സമീപിക്കും.
ഉദ്യോഗസ്ഥർ സോഫ്റ്റ്‌വെയറിൽ തൊഴിൽ ആവശ്യപ്പെട്ടുള്ള ഡിമാൻഡ് സമർപ്പിക്കും.
സോഫ്റ്റ്‌വെയറിൽ ഡിമാൻഡ് ഓപ്ഷൻ ലഭ്യമല്ലെന്നാണ് മറുപടി.
100 ദിനം പൂർത്തിയാക്കിയ പട്ടികവർക്കാർക്ക് ഇരുട്ടടി.
അധിക ദിനങ്ങൾക്കായി അവർ പഞ്ചായത്തുകളിൽ കയറിയിറങ്ങുന്നു.
കൂലി ലഭിക്കാനുള്ളവർ
തിരുവനന്തപുരം....1231
കൊല്ലം.......................266
പത്തനംതിട്ട.............. 207
ഇടു............................2729
ആലപ്പു........................129
എറണാകുളം.............334
കോട്ടയം......................491
തൃശൂർ........................206
മലപ്പുറം.......................701
പാലക്കാട്..................3189
വയനാട്.....................6747
കോഴിക്കോട്...............551
കണ്ണൂർ.......................1699
കാസർകോട്.............3180
തൊഴിലുറപ്പ് മിഷന് പരാതി നൽകിയിട്ടുണ്ട്. ഫണ്ട് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പണം അനുവദിച്ചതായി എസ്.ടി വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് കൂലി കിട്ടുന്നില്ല.
-മോഹൻ ത്രിവേണി, പ്രസിഡന്റ്, ആദിവാസി മഹാസഭ.
ഗുരുവായൂരിൽ ഭക്തർക്ക് കാലോചിത
സൗകര്യം ഒരുക്കണം: മന്ത്രി വാസവൻ
ഗുരുവായൂർ: ഗുരുവായൂരിന്റെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഭക്തർക്ക് കാലോചിതമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
ഗുരുവായൂർ ദേവസ്വത്തിന്റെ നിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി അടക്കമുള്ള പദ്ധതികൾ ഭക്തർക്ക് പ്രയോജനമാകുമെന്നും മന്ത്രി പറഞ്ഞു.
മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ഫയർ സ്റ്റേഷൻ മന്ദിരത്തിന്റെയും ശിലാസ്ഥാപനം, കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, 250 കിലോവാട്ട് സൗരോർജ പദ്ധതി സമർപ്പണം, ഗുരുവായൂർ കേശവൻ ശതാബ്ദി സ്മൃതി, രാമായണം ഇൻ തെർട്ടി ഡേയ്സ് പുസ്തകങ്ങളുടെ കവർ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.
എൻ.കെ. അക്ബർ എം.എൽ.എ വിശിഷ്ടാതിഥിയായി. ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ സംസാരിച്ചു.
കാവീട് ഗോശാലയിൽ ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം, പുന്നത്തൂർ ആനത്താവളത്തിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം, പത്ത് ആനത്തറികളുടെ നിർമ്മാണോദ്ഘാടനം, ആനത്തറിയുടെ സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു.
ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനായി. 250 കിലോവാട്ട് സൗരോർജ പദ്ധതി നടപ്പാക്കിയ സോളാർ ടെക് റിന്യൂവബിൾ എനർജി എംഡി മധുവിന് ദേവസ്വത്തിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു.