നഗരത്തിൽ ഓടാൻ നഗരസഭ നൽകിയ ബസുകൾ മറ്റിടങ്ങളിൽ ഓടിക്കുന്നു
തിരുവനന്തപുരം: നഗരത്തിൽ ഓടിക്കാൻ സ്‌മാർട്ട് സിറ്റി വഴി കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നൽകിയ ബസുകളിൽ ഭൂരിഭാഗവും നഗരം വിട്ട് ഓടുന്നുവെന്ന് കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ നഗരസഭാ തലത്തിൽ ബസുകളുടെ ജി.പി.എസ് പരിശോധിച്ചപ്പോഴാണ് 20 ബസുകളിലധികം കൊല്ലം വരെ സർവീസ് നടത്തുന്നുവെന്ന് കണ്ടെത്തിയത്.
കരാർ ലംഘിച്ച് തോന്നുംപടി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സിക്കെതിരെ നഗരസഭയും രംഗത്തെത്തിയതോടെ മേയർ ആര്യാ രാജേന്ദ്രൻ മന്ത്രി എം.ബി രാജേഷിന് പരാതി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. നഗരത്തിൽ നിരക്ക് കുറഞ്ഞ പൊതുഗതാഗത സംവിധാനമൊരുക്കാൻ വേണ്ടിയാണ് 115 ഇലക്ട്രിക്ക് ബസുകൾ നഗരസഭ ഒരു വർഷം മുമ്പ് വാങ്ങി നൽകിയത്.
കരാറുകൾ പാലിച്ചിട്ടില്ലെന്ന് നഗരസഭ
ബസുകൾ കൈമാറിയപ്പോൾ നഗരസഭയും സ്മാർട്ട് സിറ്റിയും കെ.എസ്.ആർ.ടി.സിയുമായി പ്രത്യേക ത്രികക്ഷി കരാറിലേർപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ കെ.എസ്.ആർ.ടി.സി കരാറൊന്നും പാലിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ ആരോപണം. നഗരത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നുമുള്ള ഇ - ബസുകളും നഗരത്തിന് പുറത്ത് ഓടിക്കുന്നുണ്ട്. ആറ്രിങ്ങൽ,കൊല്ലം റൂട്ടാണ് കൂടുതൽ. മന്ത്രിതലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റി ഓടിക്കുന്നതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.
@കരാർ 1 - നഗര യാത്രകൾകുള്ള ഇ - ബസുകൾ നഗരത്തിന് പുറത്ത് ഓടിക്കരുത്.
റൂട്ട് നിശ്ചയിക്കുന്നതും മറ്റും നഗരസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ
ലംഘനം:നഗരസഭയുടെ തീരുമാനമോ അനുമതിയോ ഇല്ലാതെ കൊല്ലത്തേക്ക് റൂട്ട് മാറ്റി
@കരാർ 2 - നിരക്ക് വർദ്ധിപ്പിക്കുന്നതിലും നഗരസഭയുടെ അനുമതി വേണം
ലംഘനം:ഒരു ആലോചനയുമില്ലാതെ നിരക്ക് വർദ്ധിപ്പിച്ചു
@കരാർ - 3 -റവന്യു വരുമാനത്തിന്റെ അമ്പത് ശതമാനം തുക നഗരസഭയ്ക്ക് നൽകണം
ലംഘനം :ഒരു വർഷമായിട്ടും ഒരു രൂപ പോലും നഗരസഭയ്ക്ക് നൽകിയിട്ടില്ല
നിരീക്ഷണം ഇനി കമാൻഡ് കൺട്രോൾ കേന്ദ്രം വഴി
നഗരസഭ വാങ്ങി നൽകിയ കെ.എസ്.ആർ.ടി.സി ബസുകളുടെ റൂട്ട് നിരീക്ഷണം ശക്തമാക്കാൻ നഗരസഭ തീരുമാനിച്ചു. ബസുകളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് വഴി നഗരസഭയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കേന്ദ്രം വഴിയാണ് നിരീക്ഷണം. റൂട്ട് തെറ്റി ബസ് ഓടിച്ചാൽ കമാൻഡ് കേന്ദ്രം ഉദ്യോഗസ്ഥർ മേയർ തലത്തിൽ റിപ്പോർട്ട് നൽകും.
നഗരത്തിൽ 113 ഇ - ബസ്
പ്രതിദിനം 6,0000 മുതൽ 7,0000 വരെ യാത്രക്കാർ
ഉദ്യോഗസ്ഥർ,വിദ്യാർത്ഥികൾ എന്നിവർ കൂടുതൽ ആശ്രയിക്കുന്നത്
കുറഞ്ഞ നിരക്ക്
അറ്റകുറ്റപ്പണികൾ കുറവ്
അധിക നേരം കാത്തിരിപ്പില്ല
നഗരത്തിലെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സൗകര്യപ്രദവും ഫലപ്രദവുമായ തരത്തിൽ ഗതാഗത സൗകര്യം ഒരുക്കണമെന്നതാണ് നഗരസഭയുടെ നിലപാട്. റൂട്ടും നിരക്കും മാറ്റിയ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.
മേയർ ആര്യാ രാജേന്ദ്രൻ