തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജലവിതരണം ഇന്നലെയും പൂർണമായി പുനഃസ്ഥാപിക്കാനായില്ല. ടാങ്കർ ലോറികളിലെത്തിച്ച വെള്ളമാണ് കുറച്ചെങ്കിലും സഹായകമായത്. പല ടോയ്‌ലെറ്റുകളിലും വെള്ളമുണ്ടായിരുന്നില്ല.

വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തിയവരും വെള്ളം കിട്ടാതെ വലഞ്ഞു. രണ്ട് അനക്‌സിലും ഇതേ സ്ഥിതിയായിരുന്നു. ഉദ്യോഗസ്ഥരിലേറെപ്പേരും ഉച്ചയോടെ വീടുകളിലേക്ക് മടങ്ങിയത് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തെയും ബാധിച്ചു. ജീവനക്കാർക്കുള്ള കാന്റീനിന് സമീപത്തു മാത്രം വെള്ളം ലഭിച്ചതിനാൽ പ്രവർത്തനം മുടക്കമില്ലാതെ നടന്നു. വെള്ളമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുടങ്ങിയ കോഫി ഹൗസ് പ്രവർത്തനം ഇന്നലെ പുനരാരംഭിച്ചെങ്കിലും പാഴ്‌സൽ വിതരണം മാത്രമാണുണ്ടായിരുന്നത്.
30,000– 40,000 ലീറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കാണ് സെക്രട്ടേറിയറ്റിലുള്ളത്. ജലഅതോറിട്ടിയുടെ ടാങ്കർ ലോറികളിൽ പലതവണ വെള്ളമെത്തിച്ച് ടാങ്കിൽ വെള്ളം നിറച്ചെങ്കിലും എല്ലാ ഭാഗത്തേക്കും വെള്ളമെത്തിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.


മിനറൽ വാട്ടറിന് 'ചാകര '

തീരദേശ മേഖലയിലെ വാർഡുകളിലടക്കം മിനറൽ വാട്ടർ വില്പന ഇന്നലെ തകൃതിയായി. 20 ലിറ്റർ വെള്ളമുള്ള ക്യാൻ 70 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. വിപണിയിൽ 60 രൂപ വിലയുള്ളതാണിത്. ക്യാനുകൾ വാഹനത്തിലെത്തിച്ചായിരുന്നു വില്പന. മിക്ക വീടുകളിലും ഇന്നലെ ഒന്നിലധികം മിനറൽ വാട്ടർ ക്യാനുകൾ വാങ്ങേണ്ടിവന്നെന്ന് തീരദേശവാസികൾ പറഞ്ഞു.