തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അംഗീകരിച്ച മാധ്യമപ്രവർത്തകർക്ക് പോലും സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ സമ്മേളനം. മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തുന്നുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പിയും സർക്കാരും തയ്യാറാകണം. മാധ്യമ പ്രവർത്തക പെൻഷൻ വിഭാഗം പുനസ്ഥാപിച്ചു സർക്കാർ ഉത്തരവ് ഇറക്കിയതിനെ യോഗം സ്വാഗതം ചെയ്തു .പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്തായവരെ ഉൾപ്പെടുത്താനും പുതിയ അംഗങ്ങളെ ചേർക്കാനും ഉടൻ നടപടി വേണം. വീഡിയോ എഡിറ്റർമാരെയും കരാർ ജീവനക്കാരെയും പെൻഷൻ പദ്ധതിയുടെ ഭാഗമാക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അനുപമ.ജി.നായർ ട്രഷറർ ജി. പ്രമോദ്, സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, വൈസ് പ്രസിഡന്റ് ആർ.ജയപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എൻ. ശ്രീജ, ജില്ലാ വരണാധികാരി എൻ.എസ് ജുഗുനു കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെയും പുതിയ ഭാരവാഹികൾ ചുമതലയേറ്റു.