
വെള്ളറട: അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനെ ഒഡിഷയിൽ നിന്നു പൊലീസ് പിടികൂടി. കല്ലറ തണ്ണിയം കുഴിവിള വീട്ടിൽ അനീസ് എന്ന ജാഫറി (37) നെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. ഒറീസയിലെ കൊറപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ താമസിച്ച് മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയിൽ കഞ്ചാവ് കൃഷി ചെയ്താണ് ജാഫർ വർഷങ്ങളായി കഞ്ചാവ് കേരളത്തിലെ വിവിധ ഗ്രാമങ്ങളിലെത്തിച്ചിരുന്നത്. സംഘത്തിന്റെ തലവനാണ് ഇയാൾ. ബാൽഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പണമിടപാടുകൾ നടത്തിയിരുന്നത്. സ്വന്തമായി സിം കാർഡുകളെടുക്കാതെയും സോഷ്യൽ മീഡിയകളും ജാഫർ ഉപയോഗിച്ചിരുന്നില്ല. 2024 മാർച്ചിൽ വെള്ളറടയിലെ ആറാട്ടുകുഴിയിൽ വച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന 47 കിലോ കഞ്ചാവുമായി അഞ്ചുപേരെ വാഹന പരിശോധനയ്ക്കിടയിൽ വെള്ളറട പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചുള്ള ചോദ്യംചെയ്യലിൽ പ്രതികൾ ജാഫറിന്റെ പേര് പറയുകയും തുടർന്ന് ജാഫറിനെ തേടി പൊലീസ് ഒഡിഷയിലേക്ക് പോവുകയുമായിരുന്നു. പിടിയിലായ അഞ്ചു പ്രതികളും ജയിലിലാണ്. പോക്സോ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ജാഫറിന് പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ചുമാസത്തോളം ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് ജാഫർ പിടിയിലായത്. ഇയാൾക്കുള്ള പ്രാദേശിക ബന്ധം ഇയാളിലേക്കെത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാക്കിയതായി പൊലീസ് സംഘം പറഞ്ഞു. റൂറൽ എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ എസ്.പി ഷാജിയുടെ നേതൃത്വത്തിൽ വെള്ളറട എസ്.ഐ റസൽരാജ്, സി.പി.ഒ ഷൈനു,ഡി.എ.എൻ.എസ്.എഫ്. എസ്.ഐ ബിജുകുമാർ,അസി. എസ്.ഐ സതികുമാർ,സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.