തിരുവനന്തപുരം: മൈത്രി അഡ്വർടൈസിംഗ് വർക്സിന്റെ നേതൃത്വത്തിൽ 13 മുതൽ 22 വരെ 'ഓണക്കൂട്ടായ്മ" സംഘടിപ്പിക്കും. കനകക്കുന്നിലും നിശാഗന്ധിയിലുമായാണ് ഓണാഘോഷ പരിപാടികൾ നടക്കുക. കനകക്കുന്നും പരിസരവും ആകർഷകമായ രീതിയിൽ അണിയിച്ചൊരുക്കി ദീപാലംകൃതമാക്കും. പ്രാദേശിക കലാകാരും റസിഡന്റ്സ് അസോസിയേഷനുകളും ഓണക്കൂട്ടായ്മയിൽ പങ്കാളികളാവും. ദിവസവും വൈകിട്ട് നിശാഗന്ധിയിൽ സ്റ്റേജ് ഷോകൾ ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറും. ഓണാഘോഷത്തിന്റെ പാരമ്പര്യവും സമകാലിക ട്രെൻഡുകളും ഉൾക്കൊണ്ട് യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആകർഷകമായ രീതിയിലാണ് ആഘോഷ പരിപാടികൾ ഒരുക്കുന്നത്.
ഭക്ഷ്യമേളയും ട്രേഡ് ഫെയറും
അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ സ്ഥാപനങ്ങളുടെ ട്രേഡ് ഫെയർ, ഭക്ഷ്യമേള, പെറ്റ്സ് പാർക്ക് എന്നിവയും ഓണക്കൂട്ടായ്മയോടനുബന്ധിച്ച് ഒരുക്കും. കനകക്കുന്ന് പരിസരത്തെ മിനി സ്റ്റേജിലും കലാപരിപാടികളുണ്ടാകും. തിരുവാതിര, നാടോടിനൃത്തം, ഓണപ്പാട്ട്, നാടൻപാട്ട്, കൊറിയോനൈറ്റ്, ബാറ്റിൽ ഓഫ് ബാൻഡ്സ്, റീൽസ് പ്രൊഡക്ഷൻ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ 8593964330 എന്ന നമ്പറിൽ ബന്ധപ്പെടണം. ഓണക്കൂട്ടായ്മ എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയും രജിസ്റ്റർ ചെയ്യാം. സൂര്യകാന്തിയിൽ നടത്തുന്ന ഫുഡ്‌ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും കുടുംബശ്രീ യൂണിറ്റുകളും 9742888438 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രവേശന ടിക്കറ്റിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം വയനാട്ടിലെ പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.