തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണസംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പരാതിപ്രകാരം നിക്ഷേപകർക്ക് കൊടുക്കാനുള്ളത് 6.5 കോടി രൂപ. നിലവിൽ ഫോർട്ട് സ്റ്റേഷനിൽ മാത്രം 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് സ്റ്റേഷനിലും മുന്നു കേസെടുത്തിട്ടുണ്ട്.

അഞ്ചുകോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കേണ്ട ചുമതല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനായതിനാൽ അന്വേഷണം ഉടൻ കൈമാറും. ഇത് സംബന്ധിച്ച ഉത്തരവ് ഈ ആഴ്ച ഇറങ്ങും. അന്വേഷണം കൈമാറണമെന്ന് കാണിച്ചുള്ള റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഫോർട്ട് സി.ഐ നൽകി.

സംഘം പ്രസിഡന്റായിരുന്ന എം.എസ്.കുമാർ,സെക്രട്ടറി ദീപ, ബോർഡംഗങ്ങൾ എന്നിവരെ പ്രതികളാക്കി ഫോർട്ട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. മതിയായ ജാമ്യവ്യവസ്ഥകൾ പാലിക്കാതെ ചെക്കും ജാമ്യകടപത്രവും ഈടായി സ്വീകരിച്ച് വായ്പകൾ വിതരണം ചെയ്തതതിൽ മാത്രം 19.89 കോടിയുടെ സാമ്പത്തിക നഷ്ടമാണ് സംഘത്തിലുണ്ടായതെന്നാണ് സഹകരണവകുപ്പിന്റെ റിപ്പോർട്ട്.