തിരുവനന്തപുരം: സർവ വിഘ്നങ്ങളും അകലാനുള്ള പ്രാർത്ഥനയുമായി ഭക്തർ ഇന്നലെ വിനായക ചതുർത്ഥി ആഘോഷിച്ചു. പുലർച്ചെ മഹാഗണപതി ഹോമത്തോടെ പൂജകൾ നടന്നു.മോദകം, ഉണ്ണിയപ്പം എന്നിവയുടെ നിവേദ്യവും പ്രത്യേകപൂജകളും നടന്നു. ചില ക്ഷേത്രങ്ങളിൽ ആനയൂട്ടും ഗജപൂജയും ഉണ്ടായിരുന്നു. പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ വിനായകചതുർത്ഥി ദർശനത്തിന് വൻ ഭക്തജനത്തിരക്ക് വെള്ളിയാഴ്ച വൈകിട്ട് മുതൽ അനുഭവപ്പെട്ടു. രാവിലെ പഞ്ചവിംശതികലശത്തോടെ ചതുർത്ഥിപൂജ നടത്തി. വർഷത്തിലൊരിക്കൽ നടത്താറുള്ള കളഭാഭിഷേകവും നടന്നു.
സന്ധ്യയ്ക്ക് നാഗസ്വരം,ചെണ്ടമേളം,പഞ്ചവാദ്യം എന്നിവയ്ക്ക് ശേഷം എട്ടിന് പുറത്തെഴുന്നള്ളത്ത് ആരംഭിച്ചു. ആനപ്പുറത്താണ് പഴവങ്ങാടി ദേവന്റെ സ്വർണവിഗ്രഹമെഴുന്നള്ളിച്ചത്. കിഴക്കേകോട്ടയിലൂടെ ഉള്ളിലെ മൂന്നുതെരുവും കടന്ന് പദ്മവിലാസം റോഡിലൂടെയാണ് എഴുന്നള്ളത്ത് മടങ്ങിയെത്തിയത്. വീഥികളിൽ എഴുന്നള്ളത്ത് തൊഴാൻ ഭക്തർ കാത്തുനിന്നു. എല്ലായിടത്തും പൂക്കളും നിവേദ്യവും ത്രിക്കൺചാർത്തായി സമർപ്പിച്ച് ഭക്തർ വണങ്ങി.

ഗണേശോത്സവം 12ന് സമാപിക്കും

ഗണോശാത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഗണേശവിഗ്രഹപൂജകൾ 12ന് സമാപിക്കും വൈകിട്ട് 5ന് പഴവങ്ങാടിയിൽ നിന്നാരംഭിക്കുന്ന വിഗ്രഹഘോഷയാത്ര ശംഖുംമുഖത്തെത്തി കടലിൽ വിഗ്രഹനിമജ്ജനം നടത്തും.
ജില്ലയിലെ 1008 പ്രതിഷ്ഠാകേന്ദ്രങ്ങളിലും രണ്ട് ലക്ഷം വീടുകളിലുമാണ് ഗണേശപൂജ നടക്കുന്നത്. വിനായകചതുർത്ഥിക്ക് പൂജാകേന്ദ്രങ്ങളിൽ കൊഴുക്കട്ട പൊങ്കാല നടന്നു.