rr

വിജയവാഡ: ആന്ധ്രാപ്രദേശിലെ തെനാലിയിൽ നാല് പേരെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. മുനഗപ്പ രജനി (40), മഡിയാല വെങ്കിടേശ്വരി (32), ഗുൽറ രമണമ്മ (60) എന്നിവരെയാണ് അറസ്റ്ര് ചെയ്തത്.

വിവിധ സ്ഥലങ്ങളിലായി വിദഗ്ദ്ധമായി നടത്തിയ നാല് കൊലപാതകങ്ങളിലെ പ്രതികളാണിവർ

സ്വർണാഭരണങ്ങളും പണവും ഉള്ള ഇരകളെയാണ് പ്രതികൾ ലക്ഷ്യമിടുന്നത്. ആദ്യം അവരുമായി സൗഹൃദം സ്ഥാപിക്കും. പിന്നെ അവസരം കിട്ടുമ്പോൾ സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകും. ഇരകൾ പാനീയം കഴിച്ച് താമസിയാതെ മരിക്കുമ്പോൾ പ്രതികൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ജൂണിൽ കൊല്ലപ്പെട്ട നാഗൂർ ബി എന്ന സ്ത്രീയുടേതുൾപ്പെടെ നാല് കൊലപാതകങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്ത്രീകൾ മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു.

മുഖ്യപ്രതി വെങ്കിടേശ്വരി നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി പ്രവർത്തിച്ചിട്ടുണ്ട്. ഇവർ സൈബർ കുറ്റകൃത്യങ്ങളിലും പ്രതിയാണ്. ഇവരിൽ നിന്നും സയനൈഡും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.

സ്ത്രീകൾ കുറ്റം സമ്മതിച്ചതായും ഭാരതീയ ന്യായ് സൻഹിതയുടെ (ബി.എൻ.എസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തതായും ഗുണ്ടൂർ പോലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു.