വെഞ്ഞാറമൂട്: ഓണമെത്തിയതോടെ ഉപ്പേരിക്കച്ചവടവും പൊടിപൊടിക്കുകയാണ്. ഗ്രാമങ്ങളിലെ ഉപ്പേരിക്കടകളിലെ താരം ഏത്തയ്ക്ക ഉപ്പേരി തന്നെ. കിലോയ്ക്ക് 350 രൂപയോളമാണ് വില. ഓണം അടുക്കുമ്പോഴേക്കും വില വീണ്ടും വർദ്ധിക്കാം. ഉപ്പേരിയില്ലാതെ ഓണമുണ്ണാൻ മലയാളികൾക്ക് കഴിയില്ല. അതിനാൽത്തന്നെ ഉപ്പേരിക്ക് വില കൂടിയാലും കുറഞ്ഞാലും ആളുകൾ വാങ്ങും. ഒരു കിലോ ഏത്തക്കായ്ക്ക് 80 മുതൽ 90 രൂപ വരെയാണ് വില. നാടൻ ഏത്തക്കായ്ക്ക് ഇതിലും കൂടുതലാണ്. കാലവർഷക്കെടുതിയിൽ ഏത്തവാഴകൾ നശിച്ചതിനാൽ ഇത്തവണ നാടൻ ഏത്തക്കായ കിട്ടാനില്ല. തമിഴ്നാട്, വയനാടൻ ഏത്തക്കുലകളാണ് ജില്ലയിൽ കൂടുതലായും ഉപ്പേരിക്ക് ഉപയോഗിക്കുന്നത്. മൂന്നുകിലോ ഏത്തക്കായ കൊണ്ട് ഒരു കിലോ ഉപ്പേരി മാത്രം തയ്യാറാക്കാൻ കഴിയൂ എന്നാണ് വ്യാപാരികൾ പറയുന്നത്. പാമോയിലിലും വെളിച്ചെണ്ണയിലും വറുത്ത ഉപ്പേരിയുണ്ട്. പാമോയിലിൽ വറുത്തെടുക്കുന്ന ഉപ്പേരിക്ക് വില കുറവാണ്. ശർക്കര വരട്ടിയുടെ വിലയും കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലാണ്. ഉപ്പേരിക്കച്ചവടക്കാർ ഓൺലൈനിലും സജീവമായിട്ടുണ്ട്. ഫോൺ വിളിച്ച് മുൻകൂർ ബുക്ക് ചെയ്താൽ ഉപ്പേരി വീട്ടിലെത്തും. മേളകളിൽ ഉപ്പേരിയുടെ വിലയ്ക്ക് ചെറിയ വ്യത്യാസമുണ്ട്. കിലോക്കണക്കിന് ഉപ്പേരി വിറ്റു പോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലും ഉപ്പേരിക്കച്ചവടം സജീവമാണ്.