photo

പാലോട്: തിരുവോണത്തെ വരവേൽക്കാൻ മലയോരവും ഒരുങ്ങിക്കഴിഞ്ഞു. ജൈവപച്ചക്കറികളും ഇക്കുറി ഓണവിപണി കീഴടക്കാനായുണ്ട്. നന്ദിയോട്, ആനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ മായാപ്രപഞ്ചമാണ് ഒരുക്കിയിട്ടുള്ളത്. പയർ, ചീര, വെണ്ട, വഴുതന, പാവൽ, പുതിന, മല്ലിയില, ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ എല്ലാ പച്ചക്കറികളും ടൺകണക്കിന് ഓണവില്പനയ്ക്കായെത്തും. പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് പച്ചക്കറികൾ വിപണിയിലെത്തുക. കാബേജ്, കത്തിരി, സ്ട്രോബറി, വഴുതന, ചെറുകിഴങ്ങ്, ചീര, അഗസ്തിച്ചീര, വെണ്ട, ചേന, കപ്പ, ചോളം എന്നിവയോടൊപ്പം കുറ്റിമുല്ല, ഓർക്കിഡുകൾ, സൂര്യകാന്തി, മുല്ല, വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും ഈ ഓണവിപണിയിലെത്തും. പ്രദേശത്ത് അൻപത് ഹെക്ടറോളം സ്ഥലത്തായാണ് ജൈവകൃഷി ചെയ്തത്. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ നൂറുമേനി വിളവ് കർഷകർക്ക് ലഭിച്ചെങ്കിലും നിലവിലെ വിലയിടിവ് പ്രതിസന്ധിയായിട്ടുണ്ട്.

പൂക്കളും റെഡി

പൂക്കളമൊരുക്കാൻ പത്തിനം പൂക്കളും റെഡിയാണ്. കുടുംബശ്രീയും കർഷകരും കൈകോർത്ത് പൂവിപണിയിലെത്തിക്കുന്നത് രണ്ട് ഏക്കറോളം സ്ഥലത്ത് വിരിഞ്ഞ പൂക്കളാണ്. വിവിധയിനം ജമന്തി മുതൽ സൂര്യകാന്തി, മുല്ല, ഓർക്കിഡുകൾ എന്നിവയെല്ലാം തന്നെ വിപണിയിലുണ്ട്.