road

വിതുര: ചായം -ചാരുപാറ റോഡരികിൽ അപകടക്കെണിയായിരുന്ന മെറ്റൽക്കൂന നീക്കം ചെയ്ത് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മെറ്റൽക്കൂന മൂലം റോഡിലുണ്ടാകാവുന്ന യാത്രാതടസവും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി. സ്കൂൾ വാഹനങ്ങളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചായം -ചാരുപാറ റോഡിൽ അപകടം പതിവായി മാറിയിരുന്നു. വെള്ളനാട് ചെറ്റച്ചൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിൽ ഇറക്കിയിരുന്ന മെറ്റൽക്കൂനകളാണ് അപകടത്തിന് കാരണമായത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ റോഡിന്റെ വശങ്ങൾ നന്നാക്കുന്നതിനായി ഒരുമാസം മുൻപാണ് മെറ്റലിറക്കിയത്. നിർമ്മാണപ്രവർത്തനങ്ങൾ യഥാസമയം നടന്നിരുന്നില്ല. മഴ കാരണമാണ് നിർമ്മാണം നടത്താത്തതെന്നാണ് വിശദീകരിച്ചിരുന്നത്. ചാരുപാറയിൽ പ്രവർത്തിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന്റെ മുന്നിൽ മെറ്റലിറക്കിയത് നിരവധി അപകടങ്ങൾക്ക് വഴിവച്ചിരുന്നു. വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിയിരുന്നതിനാൽ അപകടങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ പ്രിൻസിപ്പൽ ദീപ സി. നായരും മാനേജർ അഡ്വ.എൽ.ബീനയും ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ല. പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു.

അമിതവേഗം

റോഡ് ഗതാഗതയോഗ്യമാക്കിയെങ്കിലും ഇരുചക്രവാഹനങ്ങളും ടിപ്പറുൾപ്പെടെയുള്ള വാഹനങ്ങളും ഇപ്പോഴും അമിതവേഗതയിലാണ് പായുന്നത്. ഇതിനകം നിരവധി അപകടങ്ങളുണ്ടായി. ചായത്തിന് സമീപം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചിരുന്നു. കഞ്ചാവ് വില്പനസംഘങ്ങളും ബൈക്കുകളിൽ പായുകയാണ്. ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. അമിതവേഗം മൂലം കാൽനടയാത്രികരാണ് ബുദ്ധിമുട്ടുന്നത്.

പ്രധാന റോഡ്

തൊളിക്കോട്, വിതുര സ്കൂളുകളിലെ സ്കൂൾ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. പാലോട്, നന്ദിയോട്, മടത്തറ, കുളത്തൂപ്പുഴ, ആര്യനാട്, നെടുമങ്ങാട് മേഖലകളിലേക്ക് പോകുന്നതിനായി ആശ്രയിക്കുന്ന പ്രധാന റോഡുകൂടിയാണിത്.