ബാലരാമപുരം: ജില്ലയിൽ നെയ്ത്ത് തൊഴിലാളികൾക്കും കൈത്തറി സഹകരണ സംഘങ്ങൾക്കും ഓണക്കാലത്ത് കിട്ടേണ്ട ആനുകൂല്യം സർക്കാർ വൈകിപ്പിക്കുന്നതിനെതിരെ നെയ്ത്ത് തൊഴിലാളികൾ പട്ടിണി സമരത്തിലേക്ക്. കഴിഞ്ഞ എട്ട് മാസമായി സ്കൂൾ യൂണിഫോം നെയ്ത വകയിൽ നെയ്ത്ത് തൊഴിലാളികൾക്ക് 36 കോടി രൂപ കൂലി കുടിശ്ശികയായി കിട്ടാനുണ്ട്.ഇതിന് പുറമെ കൈത്തറി സംഘങ്ങൾ വഴി ഹാൻടെക്സിന് നെയ്തു നൽകിയ വകയിൽ 32 കോടി രൂപ സർക്കാരിൽ നിന്ന് കിട്ടാക്കടമായി കിടക്കുകയാണ്.

സമയബന്ധിതമായി കൂലി ലഭിക്കാത്തത് മൂലം നെയ്ത്ത് തൊഴിലാളികൾ ദുരിതത്തിലാണ്.തൊഴിലാളികൾക്ക് വിവിധ ആനൂകൂല്യങ്ങളും ചികിത്സയുറപ്പാക്കുന്ന പദ്ധതികളും ആവിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.മിക്ക നെയ്ത്ത് ഉത്പാദക സംഘങ്ങളും കടക്കെണിയിലാണ്.മിക്ക നെയ്ത്ത് സംഘങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വിവിധ ഇടതു - വലതു യൂണിയനുകൾ ഹാൻടെക്സിന് മുന്നിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും വ്യവസായവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നെയ്ത്ത് സംരംഭകരുടെ പരാതി.

ഉത്രാടത്തിന്

സെക്രട്ടേറിയറ്റ് മാർച്ച്

നെയ്ത്ത് തൊഴിലാളികൾക്കും സംഘങ്ങൾക്കും കിട്ടാനുള്ള ആനുകൂല്യം ഓണത്തിന് മുൻപ് വിതരണം ചെയ്തില്ലെങ്കിൽ ഉത്രാടം നാളിൽ സെക്രട്ടേറിയറ്റ് പടിക്കൽ പട്ടിണി സമരവുമായി മുന്നോട്ട് പോകുമെന്ന് ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ,​കൈത്തറി തൊഴിലാളി കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.മുൻ ഹാൻടെക്സ് പ്രസിഡന്റും അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ പെരിങ്ങമല വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.യൂണിയനുകളുടെ ഭാരവാഹികളായ ബാലരാമപുരം എം.എ.ഖരീം,​വണ്ടന്നൂർ സദാശിവൻ,​കുഴിവിള ശശി,​വട്ടവിള വിജയകുമാർ,​പട്ട്യക്കാല രഘു,​മംഗലത്തുകോണം തുളസി,എൻ.എസ്.ജയചന്ദ്രൻ,​ജയഭദ്രൻ,​ജിബിൻ,​പയറ്റുവിള മധു,​കുഴിവിള സജി,​ശ്രീകുമാര ബിജു,​കുഴിവിള സുരേന്ദ്രൻ,​മോഹനൻ നായർ,​ക്രിസ്തുദാസ് എന്നിവർ പങ്കെടുത്തു.