
ബാലരാമപുരം: ബാലരാമപുരം കൈത്തറിത്തെരുവിൽ കണ്ണൻ ഹാൻഡ്‌ലൂംസിലും തേമ്പാമുട്ടം ചാനൽപ്പാലം ജംഗ്ഷനിൽ മണപ്പാട്ടിൽ സൂപ്പർമാർക്കറ്റിലും കവർച്ച നടത്തി ഒളിവിൽപ്പോയ യുവാക്കളെ ബാലരാമപുരം പൊലീസ് പിടികൂടി.കൊല്ലം ആക്കോലിൽ ഇളവയൽ തൊടിയിൽ സജിൽ(29),ആക്കോലിൽ തൊടുവതൊടിയിൽ അനന്തുരവി (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 23നായിരുന്നു സംഭവം.അഗസ്ത്യാർ തെരുവ് കണ്ണൻ ഹാൻഡ്‌ലൂമിൽ നിന്ന് 1.45 ലക്ഷവും സൂപ്പർ മാർക്കറ്റിൽ നിന്ന് 60,000 രൂപയുമാണ് കവർന്നത്.കണ്ണൻ ഹാൻഡ്‌ലൂമിന്റെ പിറകിലെ വാതിൽ പൊളിച്ച് അകത്തുകടന്ന മുഖംമൂടിധാരികളായ മോഷ്ടാക്കളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
വെട്ടുകത്തിയടക്കമുള്ള ആയുധങ്ങളുമായി ആസൂത്രിതമായാണ് മോഷ്ടാക്കൾ ബാലരാമപുരം കേന്ദ്രീകരിച്ചുള്ള കവർച്ചയ്ക്ക് പദ്ധതിയിട്ടത്.കൂവളശ്ശേരി സ്വദേശിയായ ബിജുവിന്റെ ഉടമസ്ഥതയിലുള്ള മാർജിൻ ഫ്രീ ബസാറിന്റെ കടയോട് ചേർന്നുള്ള ഗ്രിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തായിരുന്നു മോഷണം. സ്റ്റോക്കെടുക്കാനായി വച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ ബാലരാമപുരം എസ്.എച്ച്.ഒ ശ്യാം,എസ്.ഐ ജ്യോതിസുധാകർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ,ജിതിൻ.എസ്.റോയ്, ശ്രീകുമാർ.ജോണി എന്നിവരടങ്ങുന്ന പൊലീസ് സംഘം സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഇരവിപുരം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.കൊല്ലം ഈസ്റ്റ്,ഇരവിപുരം,ഫോർട്ട്,പൂന്തുറ ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ യുവാക്കൾക്കെതിരെ കേസുള്ളതായി വിവരം ലഭിച്ചെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.