
തിരുവനന്തപുരം: സംരംഭം തുടങ്ങുന്നതിന് ആശയമുണ്ട്. മൂലധനം കുറവാണ്. പുതിയൊരു ഓഫീസ് തുടങ്ങുമ്പോൾ വൈദ്യുതി,വെള്ളം,വാടക എന്നിവയ്ക്ക് വലിയൊരു തുക ചെലവാകും. ഇങ്ങനെയുള്ളവർക്ക് സഹായകമാകുന്ന 'ലീപ് കേന്ദ്രങ്ങളെ' സ്റ്റാർട്ടപ്പ് മിഷൻ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തെ പതിനഞ്ചാമത് ലീപ് കേന്ദ്രം ഇന്ന് മഞ്ചേരിയിൽ ആരംഭിക്കും. സംരംഭകർ,വിദ്യാർത്ഥികൾ,നിക്ഷേപകർ എന്നിവർക്ക് ഇന്റർനെറ്റുള്ള മുറി,സാങ്കേതികസഹായം എന്നിവ നൽകുന്നതാണ് ലീപ് കേന്ദ്രങ്ങൾ(ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പർ). നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം, വായ്‌പ, മാർക്കറ്റ് ആക്‌സസ്, മെന്ററിംഗ് തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നു. സാധാരണ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലാകും മുറി ലഭിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 5200 സ്റ്റാർട്ടപ്പുകളിൽ 227 എണ്ണം ലീപ് കേന്ദ്രങ്ങൾ ഉപയോഗിക്കുന്നു. 14 ലീപ് കേന്ദ്രങ്ങളിൽ 9 എണ്ണം സ്റ്റാർട്ടപ്പ്മിഷന്റെ കീഴിൽ മാത്രവും 5 എണ്ണം കോളേജുകൾ,സൊസൈറ്റികൾ എന്നിവയുടെ പങ്കാളിത്തത്തിലുമാണ്. 11 മാസത്തേക്കാണ് ലീപ് കേന്ദ്രങ്ങളുടെ കരാർ. സ്ത്രീകൾക്ക് 50 ശതമാനം കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാം.
ലീപ് അംഗത്വ കാർഡ്
സ്റ്റാർട്ടപ്പ് മിഷന്റെ https://leap.startupmission.in/. എന്ന വെബ്സൈറ്റിലൂടെയാണ് ലീപ് കേന്ദ്രങ്ങൾക്ക് അപേക്ഷിക്കേണ്ടത്. ഇതിലൂടെ തന്നെ ലീപ് അംഗത്വ കാർഡിനും അപേക്ഷിക്കാം. കാർഡ് ലഭിച്ചാൽ സംസ്ഥാനത്ത് എവിടെയുമുള്ള ലീപ് കേന്ദ്രവും ഉപയോഗിക്കാം. നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരവും ലഭിക്കും.
നിലവിൽ ലീപ് കേന്ദ്രങ്ങൾ- 14
സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ-9
(ഇതിൽ ടെക്നോപാർക്കിൽ-2
കൊച്ചി-1
കോഴിക്കോട് യു.എസ് സൈബർ പാർക്ക്-1
കോഴിക്കോട് ഗവ. സൈബർ പാർക്ക്-1
കാസർകോട്-1
പാലക്കാട്-1
കുളക്കട-1
കൊട്ടാരക്കര-1)
ആകെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ-5200
സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് കേന്ദ്രങ്ങൾ ഉപയോഗിക്കുന്നത്-227
പലരും സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് പകുതിക്ക് വച്ച് ഉപേക്ഷിക്കും. ഓഫീസിന് എടുക്കുന്ന വീടിന്റെയും മുറിയുടെയും നഷ്ടം ബാദ്ധ്യതയാകും. ഇത് പരിഹരിക്കാൻ ലീപ് കേന്ദ്രങ്ങൾ സഹായിക്കും.
അരുൺ, ലീപ് ഹെഡ്