അടുക്കളപൂട്ടി ഹോട്ടലിനെ ആശ്രയിച്ചു, ഇന്നലെ ഹോട്ടലും പൂട്ടി
ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ ജനം വലഞ്ഞു
തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതോടെ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാൻ വീട്ടിലെ അടുക്കള പൂട്ടി, ഹോട്ടലിനെ ആശ്രയിച്ചു. രണ്ടുദിവസം ടാങ്കിലുണ്ടായിരുന്ന വെള്ളത്തിൽ കുളിയും പ്രാഥമികാവശ്യങ്ങളും നടത്തി. ഇന്നലെ പതിവുപോലെ ഹോട്ടലിലെത്തിയപ്പോൾ വെള്ളമില്ലാത്തതിനാൽ ഹോട്ടലും പൂട്ടി. ഒടുവിൽ കുപ്പിവെള്ളവും വാങ്ങി വീട്ടിലെത്തി മക്കൾക്ക് ഭക്ഷണം പാകം ചെയ്തുനൽകേണ്ടി വന്നു.വട്ടിയൂർക്കാവ് സ്വദേശി രമേശ് കുമാറിന്റെ വാക്കുകളാണിത്.
അക്ഷരാർത്ഥത്തിൽ തലസ്ഥാന നഗരത്തിൽ നാലുദിവസം കുടിവെള്ളം മുടങ്ങിയത് ജനങ്ങളുടെ വയറ്റത്തടിക്കുന്ന സ്ഥിതിയായി. ഉടനെത്തുമെന്ന അധികൃതരുടെ വാക്കുകൾ വിശ്വസിച്ച് പൈപ്പ് ഇടയ്ക്കിടെ തുറന്ന് നോക്കുന്നതല്ലാതെ ഫലമുണ്ടായില്ല. സന്നദ്ധ സംഘടകളും റസിഡന്റ്സ് അസോസിയേഷനുകളും വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളത്തിനായി പാത്രങ്ങളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ദയനീയാവസ്ഥയായിരുന്നു ഇന്നലെ. കുളിക്കാനും നയ്ക്കാനും മാത്രമല്ല പലവീടുകളും യഥാസമയം ഭക്ഷണം തയ്യാറാക്കാനാകാത്ത സ്ഥിതിയായി. പ്രമേഹരോഗികൾക്ക് ഭക്ഷണം ഒരുക്കാൻ പോലും വീട്ടുകാർ പ്രയാസപ്പെട്ടു.
ഹോട്ടലുകൾക്ക് പുറമെ, കാറ്ററിംഗ് സ്ഥാപനങ്ങൾ,ബേക്കറികൾ,സ്വകാര്യ ക്ലിനിക്കുകൾ,ബ്യൂട്ടിപാർലറുകൾ, വാഹനങ്ങളുടെ സർവീസ് സെന്ററുകൾ തുടങ്ങി ജനങ്ങൾ പതിവായി ആശ്രയിക്കുന്ന സ്ഥാപനങ്ങളെല്ലാം തുറക്കാനാകാത്ത സ്ഥിതിയായി. പ്രതിസന്ധി വകവയ്ക്കാതെ ഓണക്കച്ചവടത്തിനായി തുറന്ന വസ്ത്ര വ്യാപാരശാലകളിലെ വനിതാജീവനക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ കുഴഞ്ഞു.
തിരുവോണത്തിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയായ ഇന്നലെ വിവാഹങ്ങളും ഗൃഹപ്രവേശ ചടങ്ങുകളുമുൾപ്പടെ മുൻകൂട്ടി നിശ്ചയിച്ചവ നടത്താൻ വീട്ടുകാർ നെട്ടോട്ടമോടി. ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് ഇവർ പ്രതിസന്ധി പരിഹരിച്ചത്. ആവശ്യക്കാർ കൂടിയതോടെ ഇന്നലെ മുതൽ ടാങ്കറുകൾക്കും ക്ഷാമമായി.
വെള്ളം ചുമന്നയാൾ മരിച്ചെന്ന്
കുടിവെള്ള പ്രതിസന്ധിക്കിടെ വെള്ളം ചുമന്നുകൊണ്ടുപോകവെ മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചതായി പ്രചാരണവും നടന്നു. മണക്കാട് റസിഡന്റ്സ് അസോസിയേഷനിൽ താമസിക്കുന്ന സതീഷ് കുമാർ(54) കഴിഞ്ഞ ദിവസമാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ വെള്ളവുമായി പോകുന്നതിനിടെ കുഴഞ്ഞുവീണ സതീഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണ് പ്രദേശവാസികൾ പറയുന്നത്.പ്രചാരണത്തിന് പിന്നാലെ ബന്ധുക്കൾ ഇതുനിഷേധിച്ചു.കാര്യം തിരക്കിയെത്തിയ മാദ്ധ്യമപ്രവർത്തകർക്കു നേരെ അവർ തട്ടിക്കയറുകയും ചെയ്തു.
കിണറുള്ള വീടുകളിലേക്ക് ബന്ധുക്കൾ
വെള്ളം ഉടൻ എത്തില്ലെന്ന് ഉറപ്പായപ്പോൾ ശനിയാഴ്ചയോടെ നഗരത്തിൽ കിണറുള്ള വീടുകളിലേക്ക് ബന്ധുക്കളും സുഹൃത്തുകളും എത്തി. കുട്ടികൾക്ക് സ്കൂൾ അവധിയായതിനാൽ ശനിയും ഞായറും ഇങ്ങനെ തള്ളി നീക്കാനായാണ് ബന്ധുവീടുകളിൽ എത്തിയത്. കൈക്കുഞ്ഞുങ്ങളുള്ളവരാണ് കൂടുതലായും ഇത്തരത്തിൽ അഭയം തേടിയത്. വെള്ളമില്ലാത്തതിനാൽ കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാത്ത സ്ഥിതിയായെന്ന് ഇവർ പറയുന്നു. ജില്ലയ്ക്ക് പുറത്തുള്ള ഭാര്യ,ഭർത്തൃവീടുകളിലേക്ക് കുടുംബത്തോടെ പോയവരുമുണ്ട്.