വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ വാഴക്കുല സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. ശക്തമായ കാറ്റിൽ നിന്ന് വാഴക്കുലകളെ സംരക്ഷിക്കുന്നതിനാണ് ബനാന കോളർ റിംഗ് ആൻഡ് സ്ട്രിങ് സപ്പോർട്ട് പദ്ധതി തുടങ്ങിയത്. വെള്ളനാട് മിത്ര നികേതന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ആര്യങ്കോട് കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ആര്യങ്കോട് പഞ്ചായത്തിലെ കർഷകയായ എസ്.ഷീജയുടെ വാഴതോട്ടത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്.
വാഴക്കുല പുറത്തേക്ക് വരുന്ന സമയത്ത് വാഴയുടെ മുകൾ ഭാഗത്തെ നാലുമില്ലിമീറ്റർ ജി.ഐ കോളർ റിംഗ് ബന്ധിപ്പിക്കുന്നതിലൂടെ കുലകളെ കാറ്റിൽ നിന്നും സംരക്ഷിക്കാൻ കഴിയും. കുലകൾ മുറിക്കുന്ന സമയത്ത് റിംഗ് സിസ്റ്റം അൺലോക്ക് ചെയ്യും. അഞ്ചുവർഷം തുടർച്ചയായി ഉപയോഗിക്കാമെന്ന സാങ്കേതിക വിദ്യയിലാണ് ബനാന കോളർ റിംഗ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കെ.വി.കെയുടെ 2024-25 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീനിയർ സയിന്റിസ്റ്റ് ഡോ.ബിനു ജോണി സാമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജ കുമാരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.