
വർക്കല: വെട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്കായി പണികഴിപ്പിച്ച സ്നേഹവീടിന്റെ താക്കോൽ ഇന്ന് വൈകിട്ട് 3.30ന് മന്ത്റി വി.ശിവൻകുട്ടി കൈമാറും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ് എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ തുടങ്ങിയവർ പങ്കെടുക്കും.
നാടിന്റെ കൈത്താങ്ങ്
പിതാവ് മരണപ്പെട്ട നിർദ്ധനകുടുംബത്തിലെ വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കാൻ സ്വകാര്യവ്യക്തി കൈമാറിയ സ്ഥലത്ത് 9.5ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ പ്രോഗ്രാം ഫെസ്റ്റിലൂടെ 6.5 ലക്ഷത്തോളം രൂപ കണ്ടെത്തുകയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സ്കൂൾ പി.ടി.എയുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോയാണ് ബാക്കി തുക സമാഹരിച്ചത്. വെളളക്കെട്ട് വന്നാലും തരണം ചെയ്യത്തക്കനിലയിൽ ഫില്ലറുകളുയർത്തി പ്രി ഫാബ്രിക്കേറ്റഡ് സിമന്റ് ബോർഡുകൾ ഉപയോഗിച്ചാണ് ഇരുനിലകളിലായി 960 സ്ക്വയർഫീറ്റിലുളള വീട് നിർമ്മിച്ചത്.