
തിരുവനന്തപുരം: ഓണം അടുത്തതോടെ കിഴക്കേകോട്ടയിൽ വഴിയോരക്കച്ചവടവും തകൃതി. ദിവസങ്ങൾക്ക് മുമ്പ് തന്നെ കിഴക്കേകോട്ട ബസ് സ്റ്റാന്റ്, കരിപ്പുകോയിക്കൽ സ്ട്രീറ്റ്, പഴവങ്ങാടി സ്ട്രീറ്റ്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം റോഡ്, വെട്ടിമുറിച്ച കോട്ട, ചാല മാർക്കറ്റ് റോഡ്, ഗാന്ധിപാർക്ക് പരിസരം, പുത്തരിക്കണ്ടം മൈതാനത്തിന് മുന്നിൽ,
ഓവർ ബ്രിഡ്ജിനും ആയുർവേദ കോളേജ് ജംഗ്ഷനും ഇടയിലുള്ള സ്ഥലങ്ങളിലെല്ലാം വഴിയോരക്കച്ചവടക്കാർ സ്ഥാനം പിടിച്ചിരുന്നു. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും ചാന്ത്പൊട്ട്, കരിവള, വാച്ച്, ഷർട്ട്, സാരി, നൈറ്റി, ബാഗ് എന്നിങ്ങനെയുള്ള സാധനങ്ങളും ഇവിടെ നിന്ന് വൻ വിലക്കുറവിൽ ലഭിക്കും. 5 രൂപ മുതൽ 500 രൂപ വരെയാണ് വിവിധ ഉത്പന്നങ്ങളുടെ വില. സാധാരണക്കാരെ ലക്ഷ്യമിട്ടെത്തുന്ന കച്ചവടക്കാർ വഴിയോരങ്ങളിൽ താത്കാലിക സ്റ്റാന്റുകൾ വച്ചും വില്പന നടത്തുന്നുണ്ട്. മഴയാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. വഴിയോരക്കച്ചവടക്കാർ റോഡിന്റെ ഇരുവശങ്ങളിലും വില്പന നടത്തുന്നതിലൂടെ കാൽനടയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യമില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഓണത്തിനു മുമ്പുള്ള ഞായറാഴ്ച നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലെല്ലാം വൻതിരക്കനുഭവപ്പെട്ടു.
വൻ ഡിമാന്റുമായി 100 രൂപ ഷർട്ട്
100 രൂപയുടെ ഷർട്ടിനാണ് വഴിയോരക്കച്ചവടത്തിൽ കൂടുതൽ ഡിമാന്റ്. ബംഗളൂരു, മുംബയ് എന്നിവടങ്ങളിൽ നിന്നുമെത്തുന്ന പഴയ സ്റ്റോക്കിലെ ഷർട്ടുകളാണ് വഴിയോരങ്ങളിൽ 100 രൂപയ്ക്ക് വിൽക്കുന്നത്. 200 രൂപയുടെ പട്ടുസാരി, 99 രൂപയുടെ ചെരുപ്പ്, 20 രൂപയുടെ വള എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. തമിഴ്നാട്,അസാം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് കൂടുതലും.